ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ നിന്ന്

പ്രതിയെ കിണറ്റിൽ നിന്ന് തൂക്കിയെടുക്കുന്നു | Photo: Screengrab/ Mathrubhumi News
പ്രതിയെ കിണറ്റിൽ നിന്ന് തൂക്കിയെടുക്കുന്നു | Photo: Screengrab/ Mathrubhumi News

കണ്ണൂർ: ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിലായി.  തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കിണറ്റില്‍നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ്‌ സാഹസികമായി പിടികൂടിയത്. ഗോവിന്ദച്ചാമിയെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് മാത്രമാണ് ലഭിച്ചത്.

കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെ ചാടിയ ഗോവിന്ദച്ചാമിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പിലെ റോഡിൽവെച്ച്‌ ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചന ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനകം നാട്ടിൽ പരന്നിരുന്നു. സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക്‌ കയറിയതായി സൂചന ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതി മതിൽച്ചാടി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന് സമീപത്തേക്കെത്തുകയും കോമ്പൗണ്ടിലെ കിണറ്റിലേക്ക് ചാടുകയുമായിരുന്നു.

പ്രതിക്കായി വീടിന്റെ മുക്കിലും മൂലയിലും പോലീസ് പരിശോധന നടത്തി. പോലീസ് വീട് വളഞ്ഞപ്പോൾ ഇയാൾ ഇറങ്ങിയോടി  ഈ സമയത്ത് പ്രതി കിണറ്റിൽ ചാടിയെന്നാണ് സംശയിക്കുന്നത്. പിന്തുടർന്നെത്തിയ പോലീസ് പ്രതിയെ കിണറ്റിൽനിന്ന് സാഹസികമായി തൂക്കിയെടുക്കുകയായിരുന്നു. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ന​ഗരം വിട്ടുപോയിട്ടില്ലെന്നു തന്നെയായിരുന്നു പോലീസ് നി​ഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ ന​ഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ​ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. 

പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു. 

Content Highlights: Govindachamy, who escaped Kannur high-security jail, was caught hours later hiding in a well.