പ്രണയം, സംശയം, പക; സുഹൃത്തുക്കളുടെ ചതിയില്‍ പൊലിഞ്ഞത് ഒരു ജീവന്‍കൂടി

അജാസ്, അഭിജിത്തും ഇന്ദുജയും | Photo: Screengrab/ Mathrubhumi News
അജാസ്, അഭിജിത്തും ഇന്ദുജയും | Photo: Screengrab/ Mathrubhumi News

പാലോട്: തികഞ്ഞ ആസൂത്രണങ്ങളെല്ലാം ഒടുവില്‍ പാളി. സുഹൃത്തുക്കള്‍ രണ്ടും പോലീസിന്റെ വലയിലായി. ഇളവട്ടത്ത് ആദിവാസി പെണ്‍കുട്ടി ആത്മഹത്യചെയ്ത സംഭവം സിനിമാക്കഥയെയും വെല്ലുന്ന തിരക്കഥ. മൂന്നു സഹപാഠികള്‍, ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയവര്‍. അജാസും അഭിജിത്തും ഇന്ദുജയും. എന്നാല്‍, ഇന്ദുജയുടെ മരണത്തിനു കാരണക്കാരനായി പോലീസ് കണ്ടെത്തിയത് അജാസിനെ.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബുധനാഴ്ച അജാസ് രാവിലെ വീട്ടില്‍ വരുമ്പോള്‍ ഇന്ദുജ മറ്റാരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന്റെ രണ്ടാംനിലയില്‍ അകത്തെ മുറിയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ഇന്ദുജയുടെ ഫോണ്‍ അജാസ് പിടിച്ചുവാങ്ങി. ഇന്ദുജ നിരന്തരം മറ്റൊരു യുവാവിനെ വിളിക്കുന്നതായി അജാസ് സംശയിച്ചു. ഈ വിവരം അഭിജിത്തിനെ അറിയിച്ചു.

തുടര്‍ന്ന് അജാസ് ഇന്ദുജയെ കാറില്‍ കയറ്റിക്കൊണ്ടു പുറത്തേക്കുപോയി. നേരെപോയത് ശംഖുംമുഖത്തേക്ക്. ഇവിടെ എത്തിയ ഇരുവരും വാക്കേറ്റവും കൈയാങ്കളിയുമായി. തുടര്‍ന്ന് അജാസ് ഇന്ദുജയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പോള്‍ത്തന്നെ അജാസ് അഭിജിത്തിനെ വിളിച്ചുപറഞ്ഞു. രാത്രി വീട്ടില്‍ കൊണ്ടാക്കിയ ഇന്ദുജ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അജാസിനെ വീണ്ടും വിളിച്ചു. താന്‍ ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചു.

ഉടന്‍തന്നെ അജാസ് ഈ വിവരം അഭിജിത്തിനെ അറിയിച്ചുവെന്നാണ് പോലീസ് പറയുന്നത്. അഭിജിത്ത് വീട്ടിലെത്തി മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവിടെ എല്ലാ മുന്‍കരുതലുകളോടെ അജാസും ഉണ്ടായിരുന്നു. പോലീസ് അന്വേഷണത്തിന് ഇരുവരെയും വിളിച്ചുവരുത്തുമ്പോള്‍ അജാസും അഭിജിത്തും വാട്സാപ്പ് ചാറ്റുകള്‍ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.


ആദിവാസി യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

പാലോട്: ആദിവാസി യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഇളവട്ടം എല്‍.പി. സ്‌കൂളിനു സമീപം ശാലു ഭവനില്‍ നന്ദു എന്നുവിളിക്കുന്ന അഭിജിത് ദേവന്‍ (25), ഇയാളുടെ സഹപാഠിയും സുഹൃത്തുമായ പെരിങ്ങമ്മല പഞ്ചായത്ത് ജങ്ഷനു സമീപം എ.ടി. കോട്ടേജില്‍ അജാസ് ടി.എ. (26) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റുചെയ്തത്.

ഇടിഞ്ഞാര്‍ കൊന്നമൂട് ഇന്ദുജാ ഭവനില്‍ ഇന്ദുജ (23) എന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞദിവസം അഭിജിത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ഇന്ദുജയുടെ അച്ഛനും സഹോദരനും പാലോട് പോലീസിനു പരാതി നല്‍കിയിരുന്നു. ആദിവാസിപീഡനം, ജാതിപ്പേരുപറഞ്ഞ് ആക്ഷേപിക്കല്‍, മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഭര്‍തൃഗൃഹത്തില്‍ താന്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുന്നതായി ഇന്ദുജ രണ്ടു ദിവസം മുന്‍പ് അച്ഛനെയും സഹോദരനെയും ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; സഹപാഠികളായ ഇന്ദുജയും അജാസും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍, ഒന്നരവര്‍ഷത്തിനു മുന്‍പ് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞു. തുടര്‍ന്ന് അഭിജിത്ത് ഇന്ദുജയുമായി അടുത്തു. രണ്ടുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അഭിജിത്ത് മൂന്നുമാസം മുന്‍പാണ് ഇന്ദുജയെ വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയത്.

എന്നാല്‍, ഇന്ദുജയെ മരുമകളായി അംഗീകരിക്കാന്‍ അഭിജിത്തിന്റെ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഇവരുടെ വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നുമില്ല. എന്നാല്‍, അജാസ് ഇളവട്ടത്തെ അഭിജിത്തിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. അജാസാണ് വ്യാഴാഴ്ച ഇന്ദുജയെ കാറില്‍ക്കയറ്റി ശംഖുംമുഖത്ത് കൊണ്ടുപോയി മര്‍ദിച്ചത്.

തുടര്‍ന്ന് വീട്ടില്‍കൊണ്ടാക്കിയ ഇന്ദുജ വെള്ളിയാഴ്ച ഉച്ചയ്ക്കു തൂങ്ങിമരിക്കുകയായിരുന്നു. ഇതെല്ലാം അഭിജിത്തിന്റെ അറിവോടെയായിരുന്നു എന്ന് പോലീസ് പറയുന്നു. കാട്ടാക്കട ഡിവൈ.എസ്.പി. ഷിബു, പാലോട് സി.ഐ. അനീഷ്‌കുമാര്‍, എസ്.ഐ. ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.  

Content Highlights: newly wed woman committed suicide in palode police arrests husband and friend