നേപ്പാളിൽ വിവാഹം, കേരളത്തിൽ പോക്സോ കേസ്; കോടതി കനിവിൽ യുവാവിന്റെ ശിക്ഷ ഒഴിഞ്ഞു

#കെ.കെ. ശ്രീരാജ്
പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

തൃശ്ശൂർ: നേപ്പാളിലെ ഗോത്രവിഭാഗത്തിൽപ്പെടുന്ന 30-കാരൻ ബൈജൂൻ ഹസാഡ കേരളത്തിലെ പോക്സോ കേസിൽ വർഷങ്ങൾ നീണ്ട ജയിൽവാസം അനുഭവിക്കേണ്ടതായിരുന്നു. അതും ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നപേരിൽ. പക്ഷേ നിയമവ്യവസ്ഥയുടെയും കൂടെയുണ്ടായിരുന്നവരുടെയും അലിവിൽ ശിക്ഷ ഒഴിവായി. ഭാര്യക്ക് പതിനെട്ടുവയസ്സാകാൻ രണ്ടു മാസമുള്ളപ്പോൾ വിവാഹം കഴിച്ചതാണ് കേസിനു കാരണമായത്. നേപ്പാളിൽ തങ്ങളുടെ സമുദായത്തിൽ 16-ാം വയസ്സിൽ വിവാഹം അനുവദിക്കുന്നതാണെന്ന ഭാര്യയുടെ അമ്മ നൽകിയ മൊഴിയുൾപ്പെടെ പരിഗണിച്ച് ബൈജൂൻനെ ചാലക്കുടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വെറുതേ വിടുകയായിരുന്നു.

പന്ത്രണ്ടുവർഷമായി ഇരിങ്ങാലക്കുട തുമ്പൂരിൽ ഫാം ജോലിക്കാരനായ ബൈജൂൻ അവധിക്ക് നാട്ടിൽ പോകുകയും 2025 ഏപ്രിൽ ഏഴിന് നേപ്പാളിൽ വിവാഹിതനാകുകയും ചെയ്തു. ഓഗസ്റ്റിൽ ഭാര്യയെയും കൂട്ടി തുമ്പൂരിലെത്തി. ഗർഭിണിയായ ഭാര്യയെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ഡോക്ടറെ കാണിക്കാൻ ചെന്നപ്പോൾ ഭാര്യക്ക് പ്രായപൂർത്തിയാകാത്ത വിവരം ഡോക്ടർ പോലീസിനെ അറിയിച്ചു. ഇവിടത്തെ നിയമമനുസരിച്ച് പോക്‌സോ കേസെടുക്കാതെ നിവൃത്തിയില്ലെന്നായി. ഇതോടെ ഫാം ഉടമ ബാബുരാജ് മുന്നിട്ടിറങ്ങി. അദ്ദേഹം അഡ്വ. കെ.എൻ. വിവേകാനന്ദൻ മുഖേന യഥാർഥവശം കോടതിയിലെത്തിച്ചു. പോക്സോ കേസ് പ്രതിക്കൊപ്പം ഇരയെ താമസിപ്പിക്കാൻ പറ്റാത്തതുകൊണ്ട് ഭാര്യയെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി. ഭാര്യയുടെ അമ്മയെ നേപ്പാളിൽനിന്നും വരുത്തി. ഇരുവർക്കും താമസിക്കാൻ വീട് വാടകയ്‌ക്കെടുത്തു. അവിടെ ഇവർ കുഞ്ഞിനു ജന്മം നൽകി.

വിവാഹം കഴിഞ്ഞതും ഗർഭിണിയായതും നേപ്പാളിൽവെച്ചായിരുന്നു എന്ന് ഭാര്യയും അമ്മയും മൊഴി നൽകി. ബൈജൂൻനെക്കുറിച്ച് പരാതിയില്ലെന്നും ഇവർ പറഞ്ഞു. ഇതോടെ കോടതി ശിക്ഷ ഒഴിവാക്കുകയായിരുന്നു.

Content Highlights: A 30-year-old Nepalese man was acquitted in a Kerala POCSO case regarding his marriage., His wife was two months shy of 18 when they married legally according to their community customs in Nepal., The Chalakkudy Fast Track Special Court considered the mother-in-law's testimony and acquitted him., Local support and legal representation played a crucial role in bringing out the truth.