പ്രളയജലത്തിൽ ഒഴുകിവന്നത് ബാങ്ക് ലോക്കർ; കുത്തിത്തുറന്ന് 57 ലക്ഷം കവർന്നു, 29 പേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പോലീസ് പ്രതികളിൽനിന്നും പിടിച്ചെടുത്ത പണം | നേപ്പാളിലെ മിന്നൽപ്രളയത്തിന്റെ ദൃശ്യം | Photo: ANI
പോലീസ് പ്രതികളിൽനിന്നും പിടിച്ചെടുത്ത പണം | നേപ്പാളിലെ മിന്നൽപ്രളയത്തിന്റെ ദൃശ്യം | Photo: ANI

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ ഞെട്ടലിൽനിന്നും ജനങ്ങൾ തരണംചെയ്തുവരുന്നതേയുള്ളൂ. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് ശേഷം ബാക്കിയായവരെക്കുറിച്ചും പ്രളയജലം ബാക്കിവെക്കാതെ കൊണ്ടുപോയവരെക്കുറിച്ചും ചർച്ചകൾ തുടരുകയാണ്. ഇതിനിടെ വരുന്ന ചില വാർത്തകളാവട്ടെ മനുഷ്യമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതുമാണ്. അത്തരത്തിലൊരു വാർത്തയാണ് നേപ്പാളിൽനിന്നും വരുന്നത്.

നേപ്പാളിന്റെ ചില ഭാഗങ്ങളിൽ കനത്ത നാശം വിതച്ച പ്രളയത്തിനിടയിൽ, കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ഒഴുകിപ്പോയ ഒരു ബാങ്ക് സേഫ് (ലോക്കർ) അപ്രതീക്ഷിതമായി ഒരു കുറ്റകൃത്യത്തിന്റെ കേന്ദ്രമായി മാറിയാണ് ആ വാർത്ത. സേഫ് തല്ലിപ്പൊളിച്ച് അതിലുണ്ടായിരുന്ന പണം അപഹരിച്ചതിന് 29 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രസുവാ ജില്ലയിലെ ഭോട്ടേകോശി മേഖലയിൽ ഉണ്ടായ പ്രളയത്തിലാണ് ഈ സേഫ് ഒഴുകിപ്പോയതെന്നാണ് റിപ്പോർട്ട്. പിന്നീട് ധാഡിങ് ജില്ലയിലെ ഗാൽച്ചി റൂറൽ മുനിസിപ്പാലിറ്റി-4-ൽ പെട്ട ബെൽഖുഖോലയ്ക്ക് സമീപമുള്ള തൃശൂലി നദിയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. നാട്ടുകാർ സേഫ് തല്ലിപ്പൊളിച്ച് അതിലുണ്ടായിരുന്ന പണം കൈക്കലാക്കിയതായി തങ്ങൾക്ക് വിവരം ലഭിച്ചിരുന്നതായി ധാഡിങ് പോലീസ് അറിയിച്ചു.

ഉടൻ തന്നെ ഒരു പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരിൽ നിന്ന് ഏകദേശം 57 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലായവരിൽ ഭൂരിഭാഗവും ഗാൽച്ചി-4 ലെ മാസ്റ്റർ സ്വദേശികളാണ്.

ചിലർ ഗാൽച്ചി-6 ലെ ആദംഘട്ടിൽ നിന്നും സിദ്ധലേഖ്-7 ലെ ആദംതറിൽ നിന്നുമുള്ളവരാണ്. മറ്റുള്ളവർ ചിത്വാൻ, പർസ സ്വദേശികളാണെങ്കിലും നിലവിൽ ധാഡിങ്ങിലാണ് താമസം. കസ്റ്റഡിയിലായിരിക്കുന്നവരെല്ലാം 19-നും 49-നും ഇടയിൽ പ്രായമുള്ളവരാണ്. കണ്ടെടുത്ത പണത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

നേരത്തെ, മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ, നാരായണി നദിയിലൂടെ ഒഴുകിപ്പോയ ഒരു പ്രളയബാധിതയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മലുകൾ മോഷ്ടിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതായുള്ള വിവരവും പുറത്തുവന്നിരുന്നു. പ്രളയജലത്തിൽ ഒഴുകിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മലുകൾ എന്ന് തോന്നിക്കുന്ന വസ്തു രണ്ട് പുരുഷന്മാർ ഊരിയെടുക്കുന്നത് കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി ശനിയാഴ്ച പുറത്തുവിട്ടു. കനത്ത പ്രളയത്തെ തുടർന്ന് ഇപ്പോൾ 2,426 പേരെ കാണാതായിട്ടുണ്ടെന്നും സ്ഥിരീകരിച്ച മരണസംഖ്യ 626 ആയി ഉയർന്നതായും അവർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി റിപ്പോർട്ട് ചെയ്ത 1,924-ൽ നിന്ന് കാണാതായ നേപ്പാൾ സ്വദേശികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഏറ്റവും പുതിയ വിവരങ്ങളിൽ കാണിക്കുന്നത്.

കാണാതായ വിദേശ പൗരന്മാരുടെ എണ്ണം 517 ആയി തന്നെ തുടരുന്നതായി നാഷണൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയം നാശം വിതച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ പുതിയ കണക്കുകൾ പുറത്തുവന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഇപ്പോഴും തുടരുകയാണ്. 

Content Highlights: A bank safe washed away by floods in Nepal was broken open and looted by locals. Police detained 29 individuals and recovered 92,68,505 Nepalese rupees (about Rs 57 lakh). A separate incident involved arrests for stealing gold from a flood victim's body. Nepal's disaster authority reported 626 deaths and 2,426 missing people due to the floods.