‘നിങ്ങൾ തിരയുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു’: ഒന്നര ദിവസത്തെ ഒളിവുജീവിതം; ഒടുവിൽ കീഴടങ്ങൽ

നെടുങ്കണ്ടം: “നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു...’’ നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ തോട്ടുവാക്കട പൊന്നിട്ടയിൽ സജി (43) ഒന്നര ദിവസത്തെ ഒളിവുജീവിതം ഉപക്ഷേിച്ച് നാട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നാട്ടുകാരോട് പറഞ്ഞതാണിത്. പോലീസ് അന്വേഷിച്ചെത്തിയ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുനിന്ന് ഒരു ബാഗുമായി ഓടിരക്ഷപ്പെട്ട സജി വീടിന് സമീപംതന്നെയുള്ള പാറയിലും ഏലത്തോട്ടത്തിലുമായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചപ്പോൾത്തന്നെ, ഞായറാഴ്ച വൈകീട്ടോടെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിനു സമീപത്തുനിന്ന് കുറച്ച് വാഴപ്പഴവും വസ്ത്രങ്ങൾക്കുപയോഗിക്കുന്ന പശയും ഒരു കൈലിയുമടങ്ങിയ ബാഗ് കണ്ടെത്തി. ഇതോടെ, ഇയാൾ സമീപത്തുതന്നെ ഉണ്ടെന്ന് സൂചന ലഭിച്ചു. പിന്നീട് പോലീസും നാട്ടുകാരും തിങ്കളാഴ്ച രാത്രിവരെ ഇവിടെ പരിശോധിച്ചു. തിരച്ചിലിനിടെ രാത്രി ഒരുതവണ സജിയെ ദൂരെനിന്ന് ഓടി മറയുന്നത് കണ്ടെന്നും പറയുന്നു.
ചൊവ്വാഴ്ച രാവിലെമുതൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടന്നു. പിന്നീട് ഉച്ചയ്ക്ക് 12-ഓടെ ചിന്നപ്പച്ചടി-ഉമ്മാക്കട റോഡിൽനിന്ന് നടന്നുവന്ന സജി ഇവരുടെ വീടിനടുത്തുള്ള കടയിലെത്തി, താൻ കീഴടങ്ങുകയാണെന്നും തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണമെന്നും കടയുടമ ലില്ലിക്കുട്ടിയോട് കൈകൂപ്പി പറഞ്ഞു. ഇതുകണ്ട, സമീപത്ത് മഫ്തിയിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തുകയും സജിയെ പിടികൂടുകയുമായിരുന്നു. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
ഇനി അറിയേണ്ടത്, കൊലപാതകം നടത്തിയതെങ്ങനെയെന്ന്
കൊലപാതകങ്ങൾ സജി എങ്ങനെ നടത്തിയെന്നകാര്യം ഇപ്പോൾ പുറത്തുപറയാനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. കേസന്വേഷണത്തെ ബാധിക്കും എന്നതിനാലാണതെന്ന് ജില്ലാ പോലീസ് മേധാവി സാബു മാത്യു പറയുന്നു. അതേസമയം, റെജിയുമായി വീട്ടിൽ തർക്കമുണ്ടായെന്നും ഇതേത്തുടർന്ന് സജി തുണിയുപയോഗിച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നുമാണ് സൂചന.
കൊലപാതകത്തിന് ദൃക്‌സാക്ഷിയായ അമ്മ മേരിക്കുട്ടി തടസ്സംനിന്നപ്പോൾ സജി മർദിച്ചിരിക്കാമെന്നും, ഇതാകാം അവരുടെ മരണകാരണമെന്നും സൂചനയുണ്ട്. വീട്ടിൽ സൂക്ഷിച്ച മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിനോടുചേർന്ന് ചായ്പിൽ പ്രതി എത്തിച്ചതായും സൂചനയുണ്ട്. ഇവിടെനിന്നാകാം, വീടിന് സമീപത്തുള്ള പഴയ ചാണകക്കുഴിയിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചതെന്നും കരുതുന്നു. തുടരന്വേഷണത്തിനുശേഷംമാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാകൂ.
Content Highlights: Accused Saji surrenders after a 1.5-day manhunt in the Nedumkandam double murder case.