‘പ്രിയാദ് എത്തിയത് അപകടശേഷം, ദൃക്സാക്ഷിയല്ല’; സംശയമുണ്ടെന്ന് പ്രതിഭാഗം; ജാമ്യാപേക്ഷയിൽ വിധി നാളെ

#ന്യൂസ് ഡെസ്ക്
പ്രതി സുഹൈൽ, അപകടത്തിൽ മരിച്ചവർ | Photo: Screengrab/ Mathrubhumi News
പ്രതി സുഹൈൽ, അപകടത്തിൽ മരിച്ചവർ | Photo: Screengrab/ Mathrubhumi News

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയാൻ ശനിയാഴ്ചത്തേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വാദം കേട്ടത്. പ്രതികൾക്കെതിരേ ഗൂഢാലോചന നടന്നുവെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രതിഭാഗം ജാമ്യത്തിനായി ശക്തമായി വാദിച്ചു. മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതുകൊണ്ട് അപകടം വിളിച്ചുവരുത്തിയെന്ന് പ്രതിഭാഗം വാദിച്ചു. അതുകൊണ്ടാണോ അവരെ ഇടിച്ചിട്ടതെന്ന് കോടതി ചോദിച്ചു. അപകടത്തെ ലഘൂകരിക്കുന്ന രീതിയാണ് പ്രതിഭാഗം സ്വീകരിച്ചത്.

മിനി കൂപ്പർ ഓടിച്ച സുഹൈൽ അടക്കമുള്ള നാലുപേരുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിച്ചത്. അഡ്വ. സെബി ജോസ് കിടങ്ങൂർ ആണ് പ്രതിഭാഗത്തിനുവേണ്ടി കോടതിയിൽ ഹാജരായത്.

കേസുമായി ബന്ധപ്പെട്ട് വാഹനാപകടം നടന്ന ശേഷമുള്ള ആദ്യ മൊഴി, തൊട്ടുപുറകെ വാഹനത്തിൽ വന്ന പ്രിയാദ് എന്നയാളുടേതാണ്. അപകടശേഷമാണ് ഇയാൾ എത്തിയത്. ഇയാൾ ദൃക്സാക്ഷി അല്ല. അതുകൊണ്ട് തന്നെ പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? പ്രിയാദ് മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? ഇതിൽ സംശയമുണ്ട് എന്നാണ് പ്രതിഭാഗം വാദിച്ചത്.

‘പ്രതികളും മരിച്ചവരും സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്ന് പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. മറ്റു വിശദാംശങ്ങൾ പോലും ഇതുവരെ അന്വേഷിച്ചിട്ടില്ല. മൂന്നുപേരാണ് വാഹനത്തിൽ സഞ്ചരിച്ചത്. അപകടം നടന്നതായി ദൃക്സാക്ഷി മൊഴി പോലും ഇല്ല. എന്താണ് കേസിന്റെ പിന്നിൽ എന്ന് ആർക്കും അറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

പ്രതികൾക്കെതിരേ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രിയാദിന്റെ മൊഴിയിൽ സംശയമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ കൂട്ടിച്ചേർത്തു. മൂന്നു പേർ ഒരേ സ്കൂട്ടറിൽ സഞ്ചരിച്ചതു കൊണ്ടാണ് ഇത്തരം ഒരു അപകടം ഉണ്ടായത് എന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. എന്നാൽ, അതുകൊണ്ട് വാഹനം ഇടിച്ചിട്ടതാണോ എന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. നിയമലംഘനം എന്നായിരുന്നു പ്രതിഭാഗം ഇതിന് മറുപടി നൽകിയത്. അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി എന്നായിരുന്നു കോടതിയുടെ മറുപടി.

Content Highlights: Arguments for the bail plea of the accused in the Nedumbassery Mini Cooper accident concluded., Angamaly Magistrate Court will pronounce the verdict on the bail plea tomorrow., Defense argued that there is a conspiracy and questioned the credibility of witness Priyad's statement., Court questioned the defense regarding the victims traveling three on a scooter.