യുവസംവിധായികയുടെ മരണം; മൃതദേഹം കണ്ടത് മരിച്ച് 18 മണിക്കൂറിലേറെ കഴിഞ്ഞെന്ന് നിഗമനം

തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യന്റെ മരണം സംഭവിച്ചത് പകൽ സമയത്താകാമെന്ന് സൂചന. നയന മരിച്ചുവീണ് മണിക്കൂറുകൾ കഴിഞ്ഞാണ് സുഹൃത്തുക്കൾ മൃതദേഹം കണ്ടതെന്നും നിഗമനം. മൃതദേഹത്തിന് മരണം നടന്ന് 18 മണിക്കൂറിലേറെ പഴക്കമുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സൂചനയുള്ളത്.
2019 ഫെബ്രുവരി 23-ന് രാത്രി 12-നോടടുപ്പിച്ച് നയനയെ മരിച്ചനിലയിൽ കണ്ടെത്തിയതായാണ് സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ അന്ന് പകൽതന്നെ നയനയുടെ മരണം സംഭവിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. മൃതദേഹത്തിന്റെ കാലിന്റെ വണ്ണയിലും മുട്ടുകളിലും മാത്രമാണ് മരവിപ്പ് കണ്ടത് എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണശേഷമുണ്ടാകുന്ന ഇത്തരം മരവിപ്പ്് ശരീരത്തിൽ മറ്റൊരിടത്തും ഇല്ലായിരുന്നെന്നും എടുത്തുപറയുന്നുണ്ട്. മരണത്തിനു തൊട്ടുപിന്നാലെ മൃതശരീരത്തിൽ മൊത്തത്തിലുള്ള മരവിപ്പ് മണിക്കൂറുകളോളമുണ്ടാകും. എന്നാൽ കാൽവണ്ണയിലും മുട്ടുകളിലും മാത്രം ഈ വിറങ്ങലിപ്പ് അവശേഷിക്കുന്നതിന്റെ സൂചന മരണം നടന്ന് കുറഞ്ഞത് 18 മണിക്കൂറെങ്കിലും പിന്നിട്ടു എന്നതാണ്-വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം മരണം നടന്ന ഏകദേശ സമയവും മറ്റും പോസ്റ്റ്്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല.
അന്ന് കേസ് അന്വേഷിച്ച പോലീസ് പോസ്റ്റ്്മോർട്ടം നത്തിയ ഡോക്ടറുെട മൊഴിയെടുത്തെങ്കിലും മരണസമയം ചോദിച്ചറിയാനും ശ്രമിച്ചില്ല. അങ്ങനെയെങ്കിൽ പകൽ മരിച്ച നയനയുടെ മൃതദേഹമാണ് സുഹൃത്തുക്കൾ രാത്രി പന്ത്രണ്ടോടെ കണ്ടതെന്നാണ് നിഗമനം. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് വെള്ളയമ്പലം ആൽത്തറ നഗറിലെ താമസസ്ഥലത്തെ മുറിക്കുള്ളിൽ മരിച്ചനിലയിൽ നയനയെ കണ്ടത്. ഇവരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചതും. നയന കിടന്നിരുന്ന മുറിയുടെ വാതിൽ ശക്തിയായി തള്ളിത്തുറക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.
പോലീസ് ഏകദേശ മരണസമയം പോലും അന്വേഷിച്ചില്ല
നയനയുടെ കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ കൃത്യമായി എഴുതിയിട്ടുണ്ട്. നാവ് പുറത്തേക്ക് തള്ളിയിരുന്നു, എന്നാൽ കടിയേറ്റ് മുറിഞ്ഞതായി കാണുന്നില്ല. അടിവയറ്റിൽ ചവിട്ടേറ്റതിന് സമാനമായ ചതവും ആന്തരികാവയവങ്ങൾ പൊട്ടി രക്തസ്രാവവും ഉണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇത്രയും ഗൗരവമുള്ള സംഭവം ആയിട്ടും പോലീസ് ഏകദേശ മരണസമയം പോലും അന്വേഷിക്കാൻ ശ്രമിച്ചില്ല എന്നതാണ് മരണത്തിലെ ദുരൂഹത കൂട്ടുന്നത്. എസ്.പി. മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് സംഘമാണ് ഇപ്പോൾ കേസ് പുനരന്വേഷിക്കുന്നത്.
Content Highlights: Nayana Surya Death Case