ബെംഗളൂരുവിനടുത്ത് ഹോംസ്റ്റേയിൽ യുവതി മരിച്ചനിലയിൽ; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അവശനിലയിൽ

ബെംഗളൂരു: ബെംഗളൂരുവിനടുത്ത് നന്ദിഹിൽസിന് സമീപമുള്ള ഹോം സ്റ്റേയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയാണ് (28) ചികിത്സയിലുള്ളത്. ഇയാൾ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതിനൽകി. ഇതു പ്രകാരം പോലീസ് കൊലപാതകത്തിന് കേസെടുത്തു. കുറച്ച് ഗുളികയും ഒരു ഡയറിയും പോലീസ് മുറിയിൽനിന്ന് കണ്ടെടുത്തു.
ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നന്ദി ഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി. ബെംഗളൂരുവിൽ കാർ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു അലി.
Content Highlights: Sai Surabhi (25) found dead at a Nandi Hills homestay., Companion Sanjeeth Ali (28) hospitalized after an apparent suicide attempt., Police registered a murder case based on the victim's mother's complaint., Evidence including pills and a diary recovered from the scene., Investigation ongoing by Nandigiridhama police.