മൈസൂരുവില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടനിലയില്‍; ഭര്‍ത്താവ് ഒളിവില്‍

വിദ്യശ്രീ
വിദ്യശ്രീ

ബെംഗളൂരു: മഹിളാ കോണ്‍ഗ്രസ് മൈസൂരു സിറ്റി ജനറല്‍ സെക്രട്ടറിയും കൃഷ്ണരാജ ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷയുമായ ശ്രീരാംപുര സ്വദേശി വിദ്യശ്രീ(35)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് നന്ദിഷിന്റെ ടി. നരസിപുര തുരഗനൂരിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 

നന്ദിഷാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നന്ദിഷ് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ ബന്നൂര്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. ദമ്പതിമാര്‍ക്ക് രണ്ടുപെണ്‍കുട്ടികളുണ്ട്. ഒരു കുട്ടിക്ക് ഒമ്പതുമാസം പ്രായമായതേയുള്ളൂ.

കുടുംബകലഹമാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നന്ദിഷും വിദ്യയും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ നന്ദിഷ് വിദ്യയെ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മൃതദേഹം കെ.ആര്‍. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് സൂപ്രണ്ട് സീമാ ലട്കര്‍, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നന്ദിനി എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി.

Content Highlights: mysuru mahila congress leader vidhyasree killed