മൈസൂരു-ബെംഗളൂരു ഹൈവേയില്‍ എസ്‌ഐയെയും കുടുംബത്തെയും കൊള്ളയടിച്ചു; സംഭവം കാര്‍ നിര്‍ത്തി വിശ്രമിക്കുമ്പോള്‍; മൂന്നുപേര്‍ പിടിയില്‍

മൈസൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ ചന്നപട്ടണ ബൈപ്പാസിനുസമീപം തമിഴ്‌നാട്ടിലെ നീലഗിരിജില്ലയിലെ ചേരമ്പാടി എസ്ഐ പി.ജെ. ഷാജിയേയും കുടുംബത്തെയും കത്തിക്കാട്ടി കൊള്ളയടിച്ച സംഭവത്തില്‍ മൂന്നുപേരെ ചന്നപട്ടണ റൂറല്‍ പോലീസ് അറസ്റ്റുചെയ്തു. ചന്നപട്ടണ പട്ടണത്തില്‍നിന്നുള്ള സയ്യിദ് തന്‍വീര്‍ എന്ന തന്നു (30), ബെംഗളൂരു സൗത്തില്‍നിന്നുള്ള ഫൈറോസ് പാഷ (28), രാമനഗരയിലെ ഗെജ്ജാലഗുഡ്ഡെയില്‍ നിന്നുള്ള തന്‍വീര്‍ പാഷ (32) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഇതില്‍ സയ്യിദ് തന്‍വീര്‍ പത്തിലധികം ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഷാജി, ബെംഗളൂരുവില്‍ പഠിക്കുന്ന മൂത്തമകനെ കൂട്ടിക്കൊണ്ടുവരാന്‍ ഭാര്യ മെര്‍ലിന്‍ ഷാജിക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ബെംഗളൂരുവിലേക്ക് വരുകയായിരുന്നു. ഹൈവേയുടെ അരികില്‍ വിശ്രമിക്കാന്‍ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍, സ്‌കൂട്ടറിലെത്തിയ മൂന്നുപേര്‍ കുടുംബത്തെ കത്തികാട്ടി ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഷാജിയുടെ കഴുത്തിലുള്ള സ്വര്‍ണമാലയും കാറിലെ ഡാഷ്‌ബോര്‍ഡില്‍ നിന്ന് 10,000 രൂപയും സീറ്റുകളില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. കവര്‍ച്ചക്കാര്‍ പോയതോടെ ഷാജി പട്രോളിങ് പോലീസിനെ വിവരമറിയിച്ചു, തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും ചൊവ്വാഴ്ച ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlights: Three arrested for robbing a Tamil Nadu SI and his family at knifepoint on the Mysuru-Bengaluru National Highway near Channapatna. Stolen: gold chain, cash, and phones.