അന്ന് രാത്രിയും മകനെയും മാതാപിതാക്കളേയും വീഡിയോ കോള്‍ ചെയ്തു; റിഫയുടെ ആത്മഹത്യയുടെ കാരണം അവ്യക്തം

റിഫ മെഹ്നു
റിഫ മെഹ്നു

കാക്കൂര്‍: യൂട്യൂബറും വ്ളോഗറുമായ കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനി റിഫ മെഹ്നു (21)വിന്റെ ആത്മഹത്യയുടെ കാരണം ഇപ്പോഴും അവ്യക്തം. തിങ്കളാഴ്ച രാത്രി ദുബായ് കരാമയിലെ ഫ്ലാറ്റില്‍ റിഫയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു. 

സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു റിഫയുടെ അപ്രതീക്ഷിത വേര്‍പാടിലേക്ക് നയിച്ച കാര്യമാണ് ഇനിയും വെളിവാകാനുള്ളത്. ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിച്ച മൃതദേഹം വ്യാഴാഴ്ച കബറടക്കി.

ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്നുരാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

ആത്മഹത്യചെയ്യേണ്ട കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ബന്ധുക്കള്‍ പങ്കുവെക്കുന്നത്. ആത്മഹത്യചെയ്തു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍കഴിയാത്ത മാനസികാവസ്ഥയിലാണവര്‍. അന്നേദിവസം രാത്രിയില്‍ ജീവിതം അവസാനിക്കാന്‍ തോന്നത്തക്കവിധത്തില്‍ എന്തുസംഭവിച്ചുവെന്നാണ് ഇനിയും അറിയാനുള്ളത്.

ദുബായില്‍നിന്ന് മൃതദേഹത്തെ ഭര്‍ത്താവ് മെഹ്നാസും അനുഗമിച്ചിരുന്നു. റിഫയും മെഹ്നാസും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നുണ്ടായിരുന്നില്ല. ആത്മഹത്യചെയ്ത രാത്രിയില്‍ ജോലിസ്ഥലത്തുനിന്ന് വൈകിവന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ സംസാരമുണ്ടായതായും പറയുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ ഏറെ പകിട്ടോടെയായിരുന്നു ഇവരുടെ ജീവിതം. ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചെതെന്നറിയണമെന്ന കാര്യമാണ് ആരാധകരും പങ്കുവെക്കുന്നത്.

Content Highlights: Mystery over Malayali vlogger Rifa mehnu's death in Dubai