ജൂവലറിയുടെ മറവില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; പെരുവഴിയിലായി നിക്ഷേപകര്‍, കേസെടുത്ത് പോലീസ്

മുംബൈ: ജൂവലറിയുടെ മറവില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി നൂറുകണക്കിനാളുകളെ കബളിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മുംബൈയിലെ ജൂവലറി ശൃംഖലയായ 'ടോറസ്സി'ന്റെ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഏഴുപേരാണ് ജൂവലറിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കുമാത്രം ഏകദേശം 13 കോടിയോളം രൂപയാണ് നിക്ഷേപത്തട്ടിപ്പില്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്.
'പ്ലാറ്റിനം ഹേണ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് കീഴിലാണ് 'ടോറസ്സ്' ജൂവലറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയിലും പരിസരപ്രദേശങ്ങളിലുമായി 6 'ടോറസ്സ്' സ്റ്റോറുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആറിടങ്ങളിലും സ്ഥാപനങ്ങള്‍ ആരംഭിച്ചത്. പോണ്‍സി സ്കീം മാതൃകയിലായിരുന്നു ഇവരുടെ തട്ടിപ്പ്.
ജൂവലറിയുടെ പ്രത്യേക സ്കീമില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പതിനായിരം രൂപയുടെ ആഭരണവും നിക്ഷേപത്തിന് മാസം ആറുശതമാനം പലിശയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഈ പലിശ പിന്നീട് 11 ശതമാനമായും ഉയര്‍ത്തി. ഏതാനുംമാസങ്ങളില് കമ്പനി കൃത്യമായി നിക്ഷേപകര്‍ക്ക് പണം നല്കി. എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായി പണം ലഭിക്കാതായതോടെയാണ് ജൂവലറിക്കെതിരേ പരാതി ഉയര്‍ന്നത്. മാത്രമല്ല, ജൂവലറി നല്കിയ ആഭരണങ്ങള്‍ വ്യാജമാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു.
ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞദിവസം മുതല്‍ ജൂവലറിയുടെ ഔട്ട്ലെറ്റുകളെല്ലാം അടഞ്ഞുകിടക്കുകയുമാണ്. തട്ടിപ്പിനിരയായ ഒട്ടേറെപേരാണ് കഴിഞ്ഞദിവസങ്ങളില്‍ സ്ഥാപനങ്ങളുടെ മുന്നില്‍ തടിച്ചുകൂടിയത്.
നിലവില്‍ ഏഴുപേരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 'പ്ലാറ്റിനം ഹേണ് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍, ജൂവലറി സി.ഇ.ഒ, ജനറല്‍ മാനേജര്‍, ജൂവലറി സ്റ്റോര്‍ ഇന്‍-ചാര്‍ജ് എന്നിവരാണ് കേസിലെ പ്രതികള്‍. അതേസമയം, സി.ഇ.ഒ.യും മറ്റു ചില ജീവനക്കാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും ഇവര്‍ തങ്ങളുടെ സ്ഥാപനത്തെ നശിപ്പിച്ചെന്നുമായിരുന്നു ജൂവലറിയുടെ ഉടമകളുടെ പ്രതികരണം.
Content Highlights: Torres jewellery in Mumbai duped investors with a Ponzi scheme