മഴയത്ത് വാതിൽ അടയ്ക്കുന്നതിനേച്ചൊല്ലി തർക്കം; മുംബൈയിൽ ഓടുന്ന ട്രെയിനിൽ 21-കാരനെ കുത്തിക്കൊന്നു

മുംബൈ: മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവാവിനെ സഹയാത്രക്കാരൻ കുത്തിക്കൊന്നു. ചർച്ച്‌ഗേറ്റ്-നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് 21 വയസ്സുകാരനായ മായങ്ക് ലോഹർ കൊല്ലപ്പെട്ടത്. പ്രതിയായ റോഷൻ സുവർണയെ മുംബൈയിലെ കുർളയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മഴപെയ്യുന്നതിനിടെ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഗോരേഗാവിനും കാന്തിവാലിക്കും ഇടയിൽവെച്ച് ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിലാണ് സംഭവം. വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് ചില യാത്രക്കാർ പ്രതിയെ കൈയേറ്റംചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി തന്റെ ബാഗിൽനിന്ന് കത്തിയെടുത്ത് മായങ്കിനെ കുത്തുകയായിരുന്നു. കുത്തേറ്റ മായങ്ക് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം കൈയിൽ കത്തിയുമായി നിൽക്കുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുത്തേറ്റ യുവാവ് രക്തത്തിൽ കുളിച്ചു തറയിൽ കിടക്കുമ്പോൾ മറ്റ് യാത്രക്കാർ ചിതറിയോടുന്നത് വീഡിയോയിൽ കാണാം. ബോറിവലി റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ ദത്ത ഖുപ്രേക്കറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
അക്രമം നടക്കുമ്പോൾ ആരും സഹോദരനെ സഹായിക്കാൻ മുന്നോട്ടുവന്നില്ലെന്ന് മായങ്കിന്റെ സഹോദരി ആരോപിച്ചു. തന്റെ മകൻ ആരുമായും വഴക്കിന് പോകാത്ത ശാന്തസ്വഭാവക്കാരനായിരുന്നുവെന്നും തനിക്ക് നീതി വേണമെന്നും മായങ്കിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: 21-year-old Mayank Lohar killed in a first-class compartment, Incident triggered by a dispute over closing the train door, Accused Roshan Suvarna arrested in Kurla, Family demands justice and strict punishment for the accused