വളർത്തുപൂച്ചയെച്ചൊല്ലി തർക്കം; 10 വയസ്സുകാരി ഒന്നരവയസ്സുള്ള കുഞ്ഞിനെ ആറാംനിലയിൽനിന്ന് തള്ളിയിട്ടു; കുഞ്ഞ് മരിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വളർത്തുപൂച്ചയെച്ചൊല്ലി രണ്ടു കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ, പത്തുവയസ്സുകാരി ആറാംനിലയിൽനിന്ന് തള്ളിയിട്ട ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. മുംബൈയിലെ ഗോരേഗാവിൽ ശിവ്ഷാഹി കെട്ടിടത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പത്തുവയസ്സുകാരിയെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടി കുഞ്ഞിനെ കെട്ടിടത്തിൽനിന്ന് തള്ളിയിടുന്ന ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി താഴേക്കുവീഴുന്നതും തുടർന്ന് പത്തുവയസ്സുകാരി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ ഓടിപ്പോയി സൈക്കിളിൽ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒക്ടോബർ ഒന്നിനാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസംമാറിയത്. പൂച്ചയുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മിൽ നേരത്തേ തർക്കങ്ങൾ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചു.

തെളിവ് നശിപ്പിക്കാൻ പ്രതിയുടെ കുടുംബം സി.സി.ടി.വി. ക്യാമറകൾ ഓഫ് ചെയ്യാൻ ശ്രമിച്ചതായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. ദിൻദോഷി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ശിശുക്ഷേമ സമിതിയും സംഭവത്തിൽ ഇടപെട്ടു. തെളിവുകൾ ശേഖരിച്ചശേഷം തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് പറഞ്ഞു.

Content Highlights: A 10-year-old girl allegedly pushed an 18-month-old child from the sixth floor of a building in Mumbai, resulting in the child's death; the incident was captured on CCTV. The families had previous disputes over a pet cat, and the victim's family accused the suspect's family of attempting to destroy evidence by turning off CCTV cameras. The police have taken the girl and her mother into custody, filed a case of unnatural death, and are proceeding with further investigations, while the child welfare committee is also involved.