എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയുടെ വീടിനുനേരേ പെട്രോൾ ബോംബേറ്; രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
സൂഫിയാൻ വില്ലന്റെ വീട്ടുമുറ്റത്ത് പെട്രോൾബോംബ് വീണ് പൊട്ടിത്തെറിച്ച സ്ഥലം പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
സൂഫിയാൻ വില്ലന്റെ വീട്ടുമുറ്റത്ത് പെട്രോൾബോംബ് വീണ് പൊട്ടിത്തെറിച്ച സ്ഥലം പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

കോട്ടയ്ക്കൽ: എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സൂഫിയാൻ വില്ലന്റെ പറങ്കിമൂച്ചിക്കലിലെ വീടിനുനേരേ പെട്രോൾബോംബ് ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ വാഹനത്തിലെത്തിയ സംഘമാണ് പെട്രോൾനിറച്ച കുപ്പി വീട്ടുമുറ്റത്തേക്കെറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിലായി.

വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ഹനീൻ, വളാഞ്ചേരി മേച്ചേരിപ്പറമ്പ് സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ബോംബേറിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

എം.എസ്.എഫ്. പ്രവർത്തകനായ നൗഫൽ തങ്ങളുടെ വളാഞ്ചേരി പുറമണ്ണൂരിലെ വീട്ടിലേക്കും പെട്രോൾബോംബ് എറിഞ്ഞിരുന്നു. സൂഫിയാന്റെ വീടിനുനേരേ പെട്രോൾബോംബ് എറിഞ്ഞവർതന്നെയാണ് ഇതും ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ശബ്ദംകേട്ട് സൂഫിയാന്റെ വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് സംഭവമറിയുന്നത്. സൂഫിയാന്റെ രക്ഷിതാക്കളും സഹോദരനും മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച എസ്.എഫ്.ഐ. പ്രവർത്തകരും യു.ഡി.എസ്.എഫ്. പ്രവർത്തകരും ഏറ്റുമുട്ടിയതിന്റെ തുടർച്ചയായാണ് എം.എസ്.എഫ്. നേതാവിന്റെ വീടിനുനേരേ ആക്രമണമുണ്ടായതെന്നു സംശയിക്കുന്നു.

രണ്ടംഗസംഘം ബൈക്കിൽ വീടിനുമുന്നിലെത്തുന്നതും സ്ഫോടകവസ്തു വലിച്ചെറിയുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് തീ ആളിക്കത്തുന്നതും കാണാം. കോട്ടയ്ക്കൽ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

കോട്ടയ്ക്കൽ എസ്.എച്ച്.ഒ. പി.കെ. ബിൻഷാദലിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. 

ആക്രമണവുമായി ബന്ധപ്പെട്ട് തുടർന്നും അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു. 

Content Highlights: MSF state secretary Sufiyan's house attacked with a petrol bomb in Kottakkal, Another MSF worker Naufal's house was also targeted in the attack, Two SFI activists arrested by Kottakkal police based on CCTV footage, Attack suspected to be linked to Calicut University union election clashes