കണ്ണൂരിൽ എംഎസ്എഫ് നേതാവിന് വെട്ടേറ്റു; പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം

ഇരിട്ടി: മുസ്‌ലിം ലീഗ്-എസ്ഡിപിഐ സംഘർഷം നിലനില്ക്കുന്ന മുഴക്കുന്നിലെ അയ്യപ്പൻകാവ് മേഖലയിൽ വീണ്ടും അക്രമം. എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന്(24)നേരേ ചാക്കാട്ട് ആക്രമണമുണ്ടായി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഒരുസംഘം ആക്രമിച്ചത്. കാലിന് വെട്ടേൽക്കുകയുംതലയ്ക്കും മറ്റ് ഭാഗങ്ങളിലും അടിയേൽക്കുകയുംചെയ്ത നൈസാമിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുപിന്നിൽ എസ്ഡിപിഐ ആണെന്നാണ് എംഎസ്എഫ് ആരോപണം.
ഇരിട്ടിയിൽനിന്ന് ചാക്കാട് വഴി അയ്യപ്പൻകാവിലേ വീട്ടിലേക്ക് പോകുംവഴിയാണ് അക്രമണം. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയ്യപ്പൻക്കാവിൽ എസ്ഡിപിഐ- മുസ്‌ലിം ലീഗ് സംഘർഷമുണ്ടായിരുന്നു. പോലീസ് ലാത്തി വീശുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ അക്രമണമെന്ന് സംശയിക്കുന്നു. നേരത്തെ എസ്ഡിപിഐയിൽനിന്ന് രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് ചേർന്നയാളുടെ ഓട്ടോറിക്ഷ തകർത്തിരുന്നു. മേഖലയിൽ പോലീസ് പോലീസ് പരിശോധന ശക്തമാക്കി.
എസ്ഡിപിഐയുടെ അക്രമരാഷ്ട്രീയം തടയണം -എംഎസ്എഫ്
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പേരാവൂർ മണ്ഡലത്തിൽ എസ്ഡിപിഐ നടത്തുന്ന അക്രമ പരമ്പര അവസാനിപ്പിക്കാൻ പോലീസ് മുന്നോട്ടുവരണമെന്ന് എംഎസ്എഫ് ജില്ലാ ജില്ലാ പ്രസിഡന്റ് യൂനുസ് പടന്നോട്ട്, ജനറൽ സെക്രട്ടറി കെ.പി. റംഷാദ് എന്നിവർ ആവശ്യപ്പട്ടു.
എസ്ഡിപിഐ നാടിന് ആപത്താണ്. മാന്യമായ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ കായികമായി നേരിടാനുള്ള ഗൂഡലോചനയാണ് നടന്നുവരുന്നത്. ജില്ലാ പ്രവർത്തക സമിതി അംഗമായ നൈസാം പുഴക്കരയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യേണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും നേതാക്കൾ പറഞ്ഞു.
മുഹമ്മദ് നൈസാമിനെ ആക്രമിച്ച എസ്ഡിപിഐ ക്രിമിനലുകളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് എംഎസ്എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ ബോധപൂർവം സംഘർഷം സൃഷ്ടിച്ച് നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നവരെ നിലക്കുനിർത്തണമെന്നും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ലീഗ് കുപ്രചാരണം നടത്തുന്നു -എസ്ഡിപിഐ
അയ്യപ്പൻകാവിൽ എംഎസ്എഫ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പാർട്ടിക്കുമേൽ ആരോപണം ഉന്നയിച്ച് ലീഗ് നടത്തുന്ന കുപ്രചാരണം ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടിക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയമാണിത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ മറവിൽ പ്രദേശത്ത് പാർട്ടി പ്രവർത്തകർക്ക് നേരേയും വീടുകൾക്ക് നേരേയും പരക്കെ അക്രമം അഴിച്ചുവിട്ടത് ലീഗിന്റെ ഗുണ്ടകളാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
Content Highlights: Muzhakunnu Violence Escalates: MSF Leader Attacked Amidst Muslim League-SDPI Tensions