മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച് അപകടം, അർധനഗ്നനായി MNS നേതാവിന്റെ മകൻ; സ്ത്രീക്കുനേരേ അസഭ്യവർഷം

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നദൃശ്യങ്ങള്‍ | Screengrab Courtesy: x.com/KasarPatil96
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നദൃശ്യങ്ങള്‍ | Screengrab Courtesy: x.com/KasarPatil96

മുംബൈ: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ചോദ്യംചെയ്ത സ്ത്രീയെ അസഭ്യം പറയുകയുംചെയ്‌തെന്ന കേസില്‍ എം.എന്‍.എസ് നേതാവിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എംഎന്‍എസ് (മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന) സംസ്ഥാന വൈസ് പ്രസിഡന്റ് ജാവേദ് ഷെയ്ഖിന്റെ മകന്‍ റാഹില്‍ ഷെയ്ഖിനെയാണ് അംബോലി പോലീസ് അറസ്റ്റ് ചെയ്തത്. 

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ രാജശ്രീ മോറെയുടെ പരാതിയിലാണ് നടപടി. മദ്യലഹരിയില്‍ അര്‍ധനഗ്നനായി കാറിന്റെ ഡ്രൈവര്‍സീറ്റിലിരിക്കുന്ന റാഹില്‍ ഷെയ്ഖിന്റെ ദൃശ്യങ്ങളും രാജശ്രീ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. 

മുംബൈയിലെ റോഡില്‍വെച്ച് രാജശ്രീയുടെ കാറില്‍ റാഹില്‍ ഷെയ്ഖിന്റെ കാറിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തിന് പിന്നാലെ റാഹില്‍ അസഭ്യം പറഞ്ഞതായും തര്‍ക്കമുണ്ടാക്കിയെന്നുമാണ് രാജശ്രീയുടെ ആരോപണം. ഇതിനിടെ മദ്യലഹരിയിലായിരുന്ന റാഹിലിന്റെ ദൃശ്യങ്ങളും യുവതി പകര്‍ത്തിയിരുന്നു. മദ്യപിച്ച് ലക്കുക്കെട്ട് അര്‍ധനഗ്നനായാണ് ഇയാളെ ദൃശ്യങ്ങളില്‍ കാണുന്നത്. രാജശ്രീ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ എംഎന്‍എസ് നേതാവിന്റെ മകനാണെന്ന് റാഹില്‍ മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

അടുത്തിടെ മറാത്തി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചോദ്യംചെയ്ത് രാജശ്രീ സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മഹാരാഷ്ട്രയില്‍ താമസിക്കുന്നവര്‍ മറാത്തി സംസാരിക്കണമെന്ന ആവശ്യത്തെയാണ് ഇവര്‍ ചോദ്യംചെയ്തത്. കുടിയേറിയവരെല്ലാം നഗരം വിട്ടാല്‍ അത് മറാത്തി സമൂഹത്തിന്റെ അവസ്ഥ കൂടുതല്‍ ദുരിതത്തിലാകുമെന്നും രാജശ്രീ പറഞ്ഞിരുന്നു. എന്നാല്‍, യുവതിയുടെ വീഡിയോക്കെതിരേ എംഎന്‍എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. രാജശ്രീക്കെതിരേ എംഎന്‍എസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയുംചെയ്തു. ഇതോടെ യുവതി വീഡിയോ പിന്‍വലിക്കുകയും മാപ്പുപറയുകയുമായിരുന്നു.  

Content Highlights: Rahil Sheikh, son of MNS leader Javed Sheikh, arrested for drunk driving and abusing a woman