കാണാതായതിന് പോലീസ് അന്വേഷിച്ച യുവാക്കൾ തമിഴ്നാട്ടിൽ സ്വർണം തട്ടിയതിന് അറസ്റ്റിൽ

കൂറ്റനാട്: കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷിച്ച മലയാളിയുവാക്കൾ തമിഴ്നാട്ടിൽ പോലീസിന്റെ പിടിയിലാണെന്ന് കണ്ടെത്തി. കാഞ്ചീപുരത്തുനിന്ന് സ്വർണം തട്ടിയെടുത്തെന്ന കേസിലാണ് തമിഴ്നാട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പെരിങ്ങോട് സ്വദേശി പി.വി. കുഞ്ഞുമുഹമ്മദ് (31), മുണ്ടൂർസ്വദേശി സന്തോഷ് (42), തൃശ്ശൂർ കോടാലിസ്വദേശി ജയൻ (46), കൊല്ലം സ്വദേശികളായ റിഷാദ് (27), സുജിലാൽ (36) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കാഞ്ചീപുരത്തുനിന്ന് നാലരക്കോടിരൂപയുടെ സ്വർണ ഉരുപ്പടിയുമായിപ്പോയ പാഴ്സൽ സർവീസ് സംഘത്തെ ആക്രമിച്ച് സ്വർണം കവർന്നെന്നാണ് കേസ്. സ്ഥാപനയുടമയുടെ പരാതിയിൽ കാഞ്ചീപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
സംഘത്തിലൊരാളായ പി.വി. കുഞ്ഞുമുഹമ്മദിനെ കാണാനില്ലെന്ന പരാതിയിൽ ചാലിശ്ശേരിപോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാഞ്ചീപുരം പോലീസിൽനിന്ന് ഇയാൾ അറസ്റ്റിലായവിവരം ലഭിക്കുന്നത്. തുടർന്ന് മറ്റു പ്രതികളുടെ വിവരങ്ങളും അതത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു.
ഇവരെ കാണാനില്ലെന്ന് ഓഗസ്റ്റിൽ വിവിധദിവസങ്ങളിലായി ബന്ധുക്കൾ വിവിധ സ്റ്റേഷനുകളിൽ പരാതിനൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. നിലവിൽ കാഞ്ചീപുരം പോലീസിന്റെ കസ്റ്റഡിയിലാണിവർ.
പി.വി. കുഞ്ഞുമുഹമ്മദ്, സന്തോഷ്, ജയൻ, റിഷാദ്, സുജിലാൽ
Content Highlights: Five Malayali youths, reported missing, have been apprehended in Tamil Nadu by Kanchipuram police in connection with a ₹4.5 crore gold theft from a parcel service.