12 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; DNA ഫലത്തിലും സ്ഥിരീകരണം, 72-കാരന്‍ അറസ്റ്റില്‍

ഹുസൈൻകുട്ടി
ഹുസൈൻകുട്ടി

താമരശ്ശേരി(കോഴിക്കോട്): താമരശ്ശേരിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ എഴുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്ന് വീട്ടില്‍ ഹുസൈന്‍കുട്ടി(72)യാണ് അറസ്റ്റിലായത്. പ്രതിയെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ കഴിഞ്ഞ മേയില്‍ വയറുവേദനയെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമാവുകയുംചെയ്തു. തുടര്‍ന്ന് ഡോക്ടര്‍നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും സംഭവത്തില്‍ പോക്‌സോ ആക്ടുപ്രകാരം കേസെടുക്കുകയുമായിരുന്നു.

2024 ഡിസംബറിനും 2025 ജനുവരിക്കുമിടയിലായിരുന്നു പീഡനംനടന്നതെന്നാണ് മൊഴി. പീഡിപ്പിച്ചത് ഹുസൈന്‍കുട്ടിയാണെന്ന് പെണ്‍കുട്ടി മൊഴിനല്‍കിയതോടെ, മൊഴി സ്ഥിരീകരിക്കുന്നതിനായി പോലീസ് ഇയാളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കി. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെ പീഡനംനടത്തിയത് ഇയാള്‍തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ. സായൂജ്കുമാര്‍ പ്രതിയെ അറസ്റ്റുചെയ്തത്.

Content Highlights: A 72-year-old man has been arrested in Thamarassery for the assault of a 12-year-old girl.