വെറും നാല് മിനിറ്റ്! എ.ടി.എം തകര്‍ത്ത് 30 ലക്ഷം കവര്‍ന്ന് അഞ്ചംഗ സംഘം; സിസിടിവി ദൃശ്യം പുറത്ത്

തെലങ്കാനയിൽ എസ്.ബി.ഐ എ.ടി.എമ്മിൽ നടന്ന കവർച്ച | Photo: Screengrab/x.com/iRe1th
തെലങ്കാനയിൽ എസ്.ബി.ഐ എ.ടി.എമ്മിൽ നടന്ന കവർച്ച | Photo: Screengrab/x.com/iRe1th

ഹൈദരാബാദ്: തെലങ്കാനയില്‍ എ.ടി.എം തകര്‍ത്ത് പണം കവർന്നു. നാല് മിനിറ്റുകൾക്കുള്ളിലാണ് 30 ലക്ഷം രൂപയുടെ കവർച്ച നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. 

അഞ്ചുപേരടങ്ങുന്ന സംഘമാണ് കാറില്‍ മോഷണത്തിനെത്തിയത്. പുലര്‍ച്ചെ 1.56 ഓടെ സംഘം എ.ടി.എം പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കാറില്‍ നിന്നൊരാള്‍ ഇറങ്ങി എ.ടി.എമ്മിന് പുറത്തുളള സി.സി.ടി.വി ക്യാമറയില്‍ എന്തോ സ്‌പ്രേ ചെയ്ത് അത് ദൃശ്യം അവ്യക്തമാക്കി. എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി ക്യാമറ അവ്യക്തമാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. ഈ ക്യാമറയിലാണ് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് എ.ടി.എം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

മോഷണശ്രമം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി സൈറണ്‍ വയറുകള്‍ അടക്കം സംഘം മുറിച്ചു. ശേഷം ഇരുമ്പ് ദണ്ഡും ഗ്യാസ് കട്ടറും ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തത്. സംഘത്തിലൊരാള്‍ ഈ സമയമത്രയും എ.ടി.എമ്മിന് പുറത്ത് കാവലിരുന്നു. രണ്ട് മണിയോടെ സംഘം 29.69 ലക്ഷം രൂപയുമായി സ്ഥലം വിട്ടു. എ.ടി.എമ്മിന്റെ ഷട്ടര്‍ കൂടി അടച്ചാണ് സംഘം പ്രദേശം വിടുന്നത്. 

ഹരിയാണയില്‍ നിന്നുള്ള സംഘമാണോ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ രാജു പ്രതികരിച്ചു. ഇതേസംഘം മൈലാര്‍ദേവ്പള്ളിയിലുള്ള ഒരു എ.ടി.എമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അലാറം സെന്‍സറുകള്‍ മുറിക്കുന്നതിനിടെ ഷോക്കേറ്റതോടെ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. ബെംഗളൂരുവിലും തമിഴ്‌നാട്ടിലും ഇതേ തരത്തില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഈ സംഘം തന്നെയാണോയെന്നും പോലീസ് സംശയിക്കുന്നു. പണം വീണ്ടെടുക്കാനും മോഷ്ടാക്കളെ പിടികൂടുന്നതിനുമായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Content Highlights: men stole 30 lakhs from an atm in telangana