വളർത്താൻ വേറെ വഴിയില്ലെന്ന് യുവതി; കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച അമ്മയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടു

മരട്: ചോരക്കുഞ്ഞിനെ തട്ടുകടയിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ ഉടുമ്പൻചോല സ്വദേശിനിയായ അമ്മയെ മരട് പോലീസ്, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിവാഹബന്ധം വേർപ്പെടുത്തിയ യുവതിക്ക് 13 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്.
സൂപ്പർ മാർക്കറ്റിൽ ജോലിക്കു പോയിരുന്ന ഇവർക്കു കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലെടുക്കാൻ പറ്റാതായി. തുടർന്നാണ് ഇവർ മുൻ പരിചയമുള്ള യുവാവിനൊപ്പം കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിച്ചു തുടങ്ങിയത്. ഈ യുവാവ് ഇടുക്കിയിലാണെന്നാണ് യുവതി പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും, അനാരോഗ്യവും മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നതെന്നും ഇവർ പറഞ്ഞു. തുടർന്ന് പോലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയിൽ സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി ഉപേക്ഷിച്ചത്. മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെയും, കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച പുതിയകാവ് സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്. ഈ യുവാവിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് തന്നെയാണ് ഈ വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്. എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുംവഴി ചായ കുടിക്കാൻ തട്ടുകടയിൽ കയറിയപ്പോൾ കരച്ചിൽകേട്ട് നോക്കിയപ്പോൾ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെന്നാണ് ഇയാൾ പറഞ്ഞത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി. യുവാവിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
Content Highlights: Mother of the abandoned newborn released on station bail by Maradu police., The suspect cited financial hardship and poor health as reasons for the act., Infant's health condition is currently stable at the General Hospital., Police investigation revealed the involvement of an accomplice who was also released on bail.