ഷിബുവിന്റെ മരണം കൊലപാതകം: CPM വാർഡ് മെമ്പറടക്കം ആറുപേർ അറസ്റ്റിൽ; മരണകാരണം തലയ്ക്കേറ്റ ക്ഷതം

മണിമല: കറിക്കാട്ടൂർ സെന്ററിൽ അമ്പാട്ടുകുളത്തിനു സമീപത്തെ റബ്ബർതോട്ടത്തിൽ കറിക്കാട്ടൂർ സെന്റർ പേക്കുന്നേൽ ഷിബു(45)നെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഷിബുവിന്റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനടന്ന മൃതദേഹപരിശോധനയിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് മണിമല ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡംഗം ജോജി ജോൺ അടക്കം ആറുപേരെ മണിമല പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ട് കറിക്കാട്ടൂർ സെന്ററിലെ ഒരു വീട്ടിൽ ഷിബുവും പഞ്ചായത്തംഗവുമുൾപ്പെട്ട സംഘം മദ്യപിച്ചിരുന്നു. ഇതിനിടയിൽനടന്ന വഴക്കിനെ തുടർന്ന് ഷിബുവിനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച 11.30 ഓടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയവിവരം മണിമല പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് വിശദമായ അന്വേഷണമാരംഭിച്ചു. ആറുപേരെ കസ്റ്റഡിയിലെടുത്തു.
സി.പി.എം. പഞ്ചായത്തംഗമാണ് ജോജി ജോൺ (42). ഇയാളെ കൂടാതെ കറിക്കാട്ടൂർ സെന്റർ സ്വദേശികളായ ഷൈജിൻ (26), നിഖിൽ (24), അമൽരാജ് (24), കിരൺ (21), ജോബിൻ (26) എന്നിവരെയാണ് എരുമേലി സി.ഐ. എം.ആർ.സുരേഷ് കുമാർ, എസ്.ഐ. പി.എം. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
Content Highlights: The death of Shibu, found in a rubber plantation near Ambattukulam, has been confirmed as a murder due to head injuries, as per the post-mortem at Kottayam Medical College Hospital. Six individuals, including Manimala Panchayat member Joji John, were arrested by Manimala police following a group altercation involving alcohol consumption, which led to Shibu's assault.