കോളേജ് യൂണിയൻ മുറി 'മാംഗോ' മിശ്ര ബാറാക്കി, എല്ലാ ദിവസവും പാർട്ടി

കൊൽക്കത്ത: കൽക്കട്ട സൗത്ത് ലോ കോളേജ് ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ മനോജിത് മിശ്ര യൂണിയൻ മുറിയെ ബാറും 'പാർട്ടി' സ്ഥലവുമാക്കി മാറ്റിയിരുന്നുവെന്ന് സഹപാഠി. നിയമവിദ്യാർത്ഥിനിയെ സുരക്ഷാ ഗാർഡിന്റെ മുറിയിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തതിന് നേതൃത്വം നൽകിയ മിശ്ര എല്ലാ വൈകുന്നേരവും യൂണിയൻ മുറിയിൽ കൂട്ടുകാരുമായി ചേർന്ന് മദ്യപിക്കുമായിരുന്നു.
2016 ബാച്ചിൽ മനോജിത്തിന്റെ കൂടെ പഠിച്ച പെൺകുട്ടിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മനോജിത് മിശ്ര സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്ന് ഇവർ എൻഡിടിവിയോട് പറഞ്ഞു. 'മാംഗോ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മിശ്ര ഒരിക്കൽ ഒരു സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചിരുന്നതായും അവർ പറഞ്ഞു. ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ പോലും കോളേജ് ജീവനക്കാരെ വെടിവെക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി യൂണിയനിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന മിശ്രക്കെതിരെ, 2019 ജൂലൈയിൽ വിദ്യാർത്ഥിനിയുടെ വസ്ത്രം വലിച്ചുകീറിയതിനും 2022 മാർച്ചിൽ ഒരു സ്ത്രീയെ ശല്യം ചെയ്തതിനും ഉൾപ്പെടെ നിരവധി പോലീസ് പരാതികളുണ്ട്.
ഇയാൾ 2007-ലാണ് കൊൽക്കത്ത സൗത്ത് ലോ കോളേജിൽ ചേരുന്നത്. 2012-ൽ കോഴ്‌സ് പൂർത്തിയാക്കേണ്ടതായിരുന്നു. 2011-ൽ തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരത്തിൽ വന്നപ്പോൾ, കോഴ്‌സ് പൂർത്തിയാക്കുന്നതിന് മുമ്പ് പഠനം നിർത്തി. 'മാംഗോ' മിശ്ര 2017-ൽ വീണ്ടും പ്രവേശനം നേടി. 2022-ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.
ഒരു വർഷത്തിനു ശേഷം ഇയാൾ കോളേജിൽ താൽക്കാലിക ക്ലറിക്കൽ സ്റ്റാഫായി ചേർന്നു. ഇയാൾക്ക് ദിവസേന 500 രൂപയാണ് ലഭിച്ചിരുന്നതെന്ന് കോളേജ് വൈസ് പ്രിൻസിപ്പൽ പറഞ്ഞു. മിശ്രയും ഒരു സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ നാല് പേർ കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
Content Highlights: monojit Mishra Drank Every Evening At College Union Room; says college students