'മരിച്ചയാൾ' നഗരത്തിൽ! സ്വകാര്യദൃശ്യം, ആത്മഹത്യാനാടകം; 2.77 കോടി തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് പിടിയിൽ

#ന്യൂസ് ഡെസ്ക്
പ്രതി നിസാം | Photo Courtesy: x.com/publictvnews
പ്രതി നിസാം | Photo Courtesy: x.com/publictvnews

മംഗളൂരു: തൊഴിലുടമയെ ഭീഷണിപ്പെടുത്തി രണ്ടരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടുപേർ അറസ്റ്റിലായി. മംഗളൂരുവിലെ പ്രമുഖ കരാറുകാരന്റെ ജീവനക്കാരായ ജിതേഷ്, നിസാം എന്ന ഇബ്രാഹിം എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. നഗ്നചിത്രങ്ങളുണ്ടെന്ന് പറഞ്ഞും ആത്മഹത്യചെയ്‌തെന്ന കള്ളക്കഥയുണ്ടാക്കി ഈ കേസിൽ കുടുക്കുമെന്ന് പറഞ്ഞും ഏകദേശം 2.77 കോടി രൂപയാണ് ഇരുവരും തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ നിസാം ദക്ഷിണ കന്നഡ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവാണ്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.

2024 മുതലാണ് സംഭവങ്ങളുടെ തുടക്കം. പ്രതികളായ ജിതേഷും നിസാമും പരാതിക്കാരനായ കരാറുകാരന്റെ കമ്പനിയിലെ ജീവനക്കാരാണ്. 2024-ൽ കരാറുകാരന് രഹസ്യബന്ധമുണ്ടായിരുന്ന ഒരുസ്ത്രീയ്‌ക്കൊപ്പമുള്ള ചില സ്വകാര്യചിത്രങ്ങൾ ജിതേഷ് ഇയാൾക്ക് അയച്ചുനൽകി. തന്റെ പക്കൽ പല വീഡിയോകളുണ്ടെന്നും ജിതേഷ് അവകാശപ്പെട്ടു. ഇത് പുറത്തുവിടാതിരിക്കണമെങ്കിൽ 35 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ വീഡിയോകൾ പ്രചരിപ്പിക്കുമെന്നും ഭാര്യയ്ക്ക് അയച്ചുനൽകുമെന്നും കരാറുകാരനെ ഭീഷണിപ്പെടുത്തി. തുടർന്ന് നഗരത്തിലെ ഒരു ഹോട്ടലിൽവെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. അനുനയത്തിന് ശ്രമിച്ചെങ്കിലും 35 ലക്ഷം രൂപ വേണമെന്ന് ജിതേഷ് ഉറച്ചുപറഞ്ഞു. ഇതോടെ പത്തുലക്ഷം രൂപയുടെ രണ്ട് ചെക്കുകളും 15 ലക്ഷം രൂപയുടെ ഒരു ചെക്കും പരാതിക്കാരൻ ജിതേഷിന് കൈമാറി. ഇതിൽ പത്തുലക്ഷം രൂപയുടെ രണ്ടു ചെക്കുകളും ബാങ്കിൽ നൽകി ജിതേഷ് 20 ലക്ഷം രൂപ കൈക്കലാക്കി. എന്നാൽ, 15 ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. ഇതോടെ ജിതേഷ് വീണ്ടും പണം ആവശ്യപ്പെട്ടു.

ജിതേഷിന്റെ ഭീഷണി തുടർന്നതോടെ പരാതിക്കാരൻ തന്റെ മറ്റൊരു ജീവനക്കാരനായ നിസാമിനെ ഇക്കാര്യം അറിയിച്ചു. തുടർന്ന് പരാതിക്കാരന്റെ വീട്ടിലെത്തിയ ജിതേഷിനെ നിസാം കൂട്ടിക്കൊണ്ടുപോയി. ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ജിതേഷ് ആത്മഹത്യ ചെയ്‌തെന്ന കള്ളക്കഥ നിസാം പ്രചരിപ്പിച്ചത്. കരാറുകാരന്റെ പേര് എഴുതിവെച്ചാണ് ജിതേഷ് ആത്മഹത്യചെയ്തതെന്നും നിസാം കള്ളം പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് തന്റെ കൈയിലുണ്ടെന്നും ഇത് പുറത്തുപോയാൽ പോലീസ് കേസാകുമെന്നും അറസ്റ്റിലാകുമെന്നും നിസാം കരാറുകാരനെ ഭീഷണിപ്പെടുത്തി. ഇതിന്റെ പേരിൽ പലതവണകളായി 2.57 കോടി രൂപയോളം നിസാമും കരാറുകാരനിൽനിന്ന് കൈക്കലാക്കി.

പലതവണകളായി പണം നഷ്ടപ്പെട്ട കരാറുകാരൻ 'മരിച്ചുപോയ' ജിതേഷിനെ അടുത്തിടെ മംഗളൂരു നഗരത്തിൽവെച്ച് നേരിട്ട് കണ്ടതോടെയാണ് ഈ സംഭവങ്ങളെല്ലാം പുറത്തറിഞ്ഞത്. ജിതേഷ് മരിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പരാതിക്കാരൻ നിസാമിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതിനുപിന്നാലെ ജിതേഷ് വീണ്ടും സ്വകാര്യദൃശ്യങ്ങളുടെ പേരിൽ ഭീഷണി ആരംഭിച്ചു. പ്രതികളുടെ ഭീഷണി തുടർന്നതോടെയാണ് കരാറുകാരൻ ഒടുവിൽ പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

Content Highlights: Two individuals arrested for extorting 2.77 crore from a Mangaluru contractor., Accused used fake nude photos and fabricated suicide threats to blackmail the victim., One accused is a Youth Congress leader who was subsequently expelled from the party., Extortion scheme spanned from 2024 to the recent police intervention., The scam was uncovered when the victim spotted the 'deceased' accomplice alive in public.