മംഗളൂരുവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം: പള്ളി വികാരി റിമാൻഡിൽ

#ന്യൂസ് ഡെസ്ക്
Photo:'X' @OpIndia_com
Photo:'X' @OpIndia_com

മംഗളൂരൂ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെ റിമാൻഡ് ചെയ്തു. 2026 ഓഗസ്റ്റ് 14 മുതൽ വൈദികൻ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന 14 വയസ്സുകാരന്റെ പരാതിയെത്തുടർന്ന് പോലീസ് വൈദികനെ അറസ്റ്റ് ചെയ്തിരുന്നു. സമാന പ്രായത്തിലുള്ള മറ്റ് നാല് കുട്ടികളെയും വൈദികൻ ലൈംഗികമായി ഉപദ്രവിച്ചതായും കുട്ടി ആരോപിച്ചു.

ആഗസ്റ്റ് 17-ന് കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ മംഗളൂരു ബിഷപ്പ് പീറ്റർ പോൾ സൽദാനയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് സാമൂഹിക പ്രവർത്തകരെ ഉദ്ധരിച്ച് ദ ന്യൂസ് മിനുറ്റ് റിപ്പോർട്ട് ചെയ്തു. പള്ളിയിലെ അസിസ്റ്റന്റ് വികാരിയോടും ഇടവക പ്രതിനിധികളോടും കാര്യങ്ങൾ സംസാരിച്ച ശേഷമാണ് അഞ്ച് കുട്ടികളും അവരുടെ മാതാപിതാക്കളും ബിഷപ്പിനെ കാണാൻ എത്തിയത്. പള്ളി വൈസ് പ്രസിഡന്റ് റോണാൾഡ് റോഡ്രിഗസാണ് ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്. കുട്ടികൾ തങ്ങൾക്ക് നേരിട്ട പീഡനവിവരങ്ങൾ ബിഷപ്പിന് എഴുതി നൽകുകയും ചെയ്തുവെന്നാണ് വിവരം.

മെയ് 26-നാണ് ഫാദർ സിപ്രിയൻ വലൻസിയ പള്ളി വികാരിയായി എത്തിയത്. തുടക്കത്തിൽ സൗഹൃദപരമായി പെരുമാറിയ വികാരി പിന്നീട് ഉപദ്രവിക്കുകയായിരുന്നുവെന്നും മൂന്ന് തവണ ലൈംഗികമായി ഉപദ്രവിച്ചെന്നും 14 വയസ്സുകാരൻ പരാതിയിൽ ആരോപിക്കുന്നു. മറ്റൊരു കുട്ടിയെ ഫാദർ സിപ്രിയൻ പീഡിപ്പിക്കുന്നത് താൻ നേരിട്ട് കണ്ടതായും പരാതിയിൽ പറയുന്നു.

സംഭവം പുറത്തുവന്നതിനെ തുടർന്ന് രൂപതാ തലത്തിൽ രഹസ്യ അന്വേഷണം നടന്നതായി ആരോപണമുണ്ട്. കുട്ടികളെയും മാതാപിതാക്കളെയും ഫാദർ സിപ്രിയനെയും വ്യക്തിഗതമായും കൂട്ടായും വിളിപ്പിച്ചു സംസാരിക്കുകയും ഈ റിപ്പോർട്ട് വത്തിക്കാനിലേക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് വിവരങ്ങൾ. ഇതിന് പിന്നാലെ രൂപത ഫാദർ സിപ്രിയനെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചിരുന്നു.

വിഷയം നിലവിൽ കോടതിയുടെയും പരിഗണനയിലായതിനാലും പ്രതി കീഴടങ്ങിയതിനാലും ആരോപണങ്ങളിൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്ന് സഭാ പി.ആർ.ഒ റോണാൾഡ് കാസ്റ്റലിനോ അറിയിച്ചു. നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാകുമെന്നും നീതി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരകളായ കുട്ടികളെക്കുറിച്ചുള്ള വിവരം നേരത്തെ അറിഞ്ഞിട്ടും അധികാരികളെ അറിയിക്കുന്നതിൽ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. വിവരം അധികാരികളിൽ നിന്ന് മറച്ചുവെക്കാനും റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്താനും ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി അന്വേഷിക്കുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. ബിഷപ്പിന്റെ നിർദ്ദേശപ്രകാരമാണ് പോലീസിൽ പരാതി നൽകിയതെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.