തര്‍ക്കം പതിവെന്ന് നാട്ടുകാര്‍; മരണത്തിനുമുന്‍പും അനീഷ അമ്മയെ വിളിച്ചു, സങ്കടങ്ങളൊന്നും പറഞ്ഞില്ല

അനീഷ ഭർത്താവ് മുകേഷ്, അനീഷ കൊല്ലപ്പെട്ടതറിഞ്ഞ് പൊട്ടിക്കരയുന്ന അമ്മ വത്സല
അനീഷ ഭർത്താവ് മുകേഷ്, അനീഷ കൊല്ലപ്പെട്ടതറിഞ്ഞ് പൊട്ടിക്കരയുന്ന അമ്മ വത്സല

വെണ്ണിയോട്: കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു. നടവയൽ പൊലച്ചിക്കുന്ന് കോളനിയിലെ പി.എൻ. അനീഷ (35) ആണ് മരിച്ചത്. ഭർത്താവ് വെണ്ണിയോട് കൊളവയൽ മുകേഷി (34) നെ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്ടെ ഭർത്തൃ വീട്ടിലായിരുന്നു കൊലപാതകം. ഒൻപതുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബവഴക്കിനെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അനീഷയെ കൊലപ്പെടുത്തിയ വിവരം മുകേഷ് തന്നെയാണ് സുഹൃത്തുക്കളെയും പോലീസിനെയും അറിയിച്ചത്. തുടർന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി മുകേഷിനെ രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിലായിരുന്നു അനീഷയുടെ മൃതദേഹം ഉണ്ടായിരുന്നത്. പോലീസ് എത്തിയശേഷമാണ് നാട്ടുകാരും കൊലപാതകവിവരം അറിയുന്നത്.

മുകേഷ് മദ്യപിച്ച് അനീഷയുമായി തർക്കമുണ്ടാക്കുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. മുകേഷിന്റെ ബന്ധുവീടും സമീപത്തുതന്നെയുണ്ട്. മദ്യപിച്ചെത്തി മുകേഷ് പ്രശ്നമുണ്ടാക്കിയാലും ഇടപെടാൻ പറ്റാത്ത സ്ഥിതിയാണെന്നും ഇടപെടാൻ എത്തുന്നവരോടും വഴക്കുണ്ടാക്കുന്ന സ്വഭാവമാണ് മുകേഷിന്റേതെന്നും പ്രദേശവാസികൾ പറഞ്ഞു.

പനമരത്ത് ടെക്‌സ്റ്റയിൽസിൽ ജോലിചെയ്തുവരികയായിരുന്നു അനീഷ. ചൊവ്വാഴ്ചയും ജോലിക്ക് പോയിരുന്നു. വൈകീട്ടാണ് വീട്ടിൽ തിരികെയെത്തിയത്. പെയിന്റിങ് ജോലിയാണ് മുകേഷിന്. ബുധനാഴ്ച രാവിലെ 11.45-ഓടെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരേതനായ നീലകണ്ഠന്റെയും വത്സലയുടെയും മകളാണ് അനീഷ. സഹോദരങ്ങൾ: അനിത, അജയൻ.

മരണത്തിനുമുന്‍പും അനീഷ അമ്മയെ വിളിച്ചു, സങ്കടങ്ങളൊന്നും പറഞ്ഞില്ല

അമ്മ വത്സലയോട് ഫോണില്‍ സംസാരിച്ചശേഷമാണ് അനീഷ, ഭര്‍ത്താവ് മുകേഷിന്റെ ക്രൂരതയില്‍ തിരികെവരാത്ത യാത്രപോയത്. ചൊവ്വാഴ്ച വൈകീട്ടത്തെ അനീഷയുടെ ഫോണ്‍വിളി മകളുടെ അവസാനത്തെ വിശേഷങ്ങള്‍ പങ്കുവെക്കലാവുമെന്ന് അമ്മയും കരുതിയില്ല. തലേദിവസം തന്നോട് ഫോണില്‍ സംസാരിച്ച മകളുടെ മരണവിവരമാണ് പിറ്റേദിവസം അമ്മ അറിയുന്നത്. ഇന്‍ക്വസ്റ്റ് നടിപടികള്‍ പൂര്‍ത്തിയാക്കി അനീഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുന്‍പേ മകളുടെ മുഖംകണ്ട അമ്മയും സഹോദരി അനിതയും പൊട്ടിക്കരഞ്ഞു. ഇരുവരെയും ആശ്വസിപ്പിക്കാന്‍ കൂടെവന്നവരും നന്നേ പാടുപെട്ടു. അമ്മയെയും സഹോദരിയെയും പിന്നീട് അയല്‍വീട്ടിലേക്ക് മാറ്റി.

മകള്‍ എന്നും വിളിക്കാറുണ്ടെങ്കിലും മുകേഷിന്റെ ഭാഗത്തുനിന്നുള്ള ഉപദ്രവങ്ങളെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെന്നും വത്സല പറഞ്ഞു. മുകേഷ് മുഖത്ത് അടിച്ചതിനെത്തുടര്‍ന്ന് പരിക്കുപറ്റിയ ചിത്രം തിരുവോണദിവസം അനീഷ തനിക്ക് വാട്‌സാപ്പ് വഴി അയച്ചിരുന്നതായും വത്സല പറഞ്ഞു. സൗന്ദര്യപ്പിണക്കമാകാമെന്നും ഇനിയെന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ ചോദിക്കാമെന്നും കരുതി. പക്ഷേ മകളെ അവന്‍ ഇല്ലാതാക്കുമെന്ന് കരുതിയില്ല. പറഞ്ഞു മുഴുവിപ്പിക്കാനാവാതെ വത്സല വിതുമ്പി.

ചെറുപ്പത്തില്‍തന്നെ അച്ഛന്‍ നഷ്ടമായതാണ് അനീഷയ്ക്ക്. സങ്കടങ്ങള്‍പറഞ്ഞ് അമ്മയെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാവും അവള്‍ ഭര്‍ത്താവിന്റെ വീട്ടിലെ കാര്യങ്ങളൊന്നും പറയാതിരുന്നെന്ന് അനീഷയുടെ മാതൃസഹോദരി പത്മിനി പറഞ്ഞു. ഒന്‍പതുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. എന്നാല്‍ മുകേഷ് മദ്യപിച്ച് വീട്ടിലെത്തി അനീഷയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒച്ചപ്പാടും ബഹളവും കേട്ട് ഇടപെടാന്‍ പോയാല്‍ പിന്നെ അവരോടാവും മുകേഷ് കയര്‍ക്കുക. സമീപത്തുതന്നെ മുകേഷിന്റ ബന്ധുവീടുമുണ്ട്. പക്ഷേ മുകേഷ് ആരെയും വീട്ടിലേക്ക് അടുപ്പിക്കാറില്ലെന്നും അയല്‍വാസിയായ ജ്യോതിഷ് പറഞ്ഞു. വിവാഹശേഷം അനീഷയുടെ വീട്ടുകാരുമായും മുകേഷ് അടുപ്പം കാണിച്ചിരുന്നില്ല.

അനീഷ അമ്മയെയും സഹോദരിയെയും വിളിക്കുന്നതിനുവരെ മുകേഷ് പലപ്പോഴും തടസ്സം നിന്നിരുന്നെന്നും സഹോദരി അനിത പറഞ്ഞു. നാട്ടുകാര്‍ അറിയുന്നത് പോലീസ് എത്തിയശേഷം അനീഷ കൊല്ലപ്പെട്ടവിവരം പോലീസ് എത്തിയശേഷമാണ് പ്രദേശവാസികളില്‍പലരും അറിയുന്നത്. ചിലര്‍ ബുധനാഴ്ച രാവിലെയാണ് വിവരം അറിയുന്നത്. അനീഷയെ കൊലപ്പെടുത്തിയ വിവരം മുകേഷ് തന്നെയാണ് സുഹൃത്തുക്കളെയും പോലീസിനെയും അറിയിച്ചത്. വീട്ടില്‍നിന്ന് തന്നെ മുകേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വെണ്ണിയോട് വയലിനോട് ചേര്‍ന്നാണ് മുകേഷും അനീഷയും താമസിക്കുന്നത്. ചൊവ്വാഴ്ചരാത്രി നെല്‍പ്പാടത്തേക്ക് വെള്ളം തിരിക്കാനായി പോയപ്പോള്‍ മുകേഷ് വീടിന്റെ ഉമ്മറത്ത് നില്‍ക്കുന്നത് കണ്ടിരുന്നെന്ന് പ്രദേശവാസി പറഞ്ഞു

Content Highlights: man strangles wife to death in wayanad, murder, husband and wife, death, crime,crimenews, wayanad