ഇന്‍സ്റ്റഗ്രാം റീൽസിൽ എതിർപ്പ്, സുഹൃത്തുക്കളെച്ചൊല്ലിയും തർക്കം; ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

കൊല്‍ക്കത്ത: ഇന്‍സ്റ്റഗ്രാം റീല്‍സിനെച്ചൊല്ലിയും സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുമുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു. പശ്ചിമബംഗാളിലെ ജോയനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരിനാരായണ്‍പുര്‍ സ്വദേശിനിയായ അപര്‍ണ(35)യെയാണ് ഭര്‍ത്താവ് പരിമാള്‍ ബൈദ്യ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ വെള്ളിയാഴ്ച ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോളാണ് അപര്‍ണയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ചുകിടക്കുന്നനിലയില്‍ അമ്മയുടെ മൃതദേഹം കണ്ട് എട്ടാംക്ലാസുകാരന്‍ നിലവിളിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
17 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതിമാര്‍ക്കിടയില്‍ അടുത്തിടെയായി വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്യുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് കാരണം അപര്‍ണ നിരവധിപേരുമായി സൗഹൃദം പുലര്‍ത്തുന്നതും ഭര്‍ത്താവിന്റെ വൈരാഗ്യത്തിന് കാരണമായി. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി റീല്‍സ് ചെയ്തിരുന്ന അപര്‍ണയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. ഈ സുഹൃത്തുക്കളുമായി ഇവര്‍ പതിവായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭര്‍ത്താവിന് ഇതൊന്നും ഇഷ്ടമായിരുന്നില്ല. മാത്രമല്ല, അപര്‍ണയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും ഭര്‍ത്താവ് സംശയിച്ചു. നിരന്തരമായ വഴക്കിനെത്തുടര്‍ന്ന് അടുത്തിടെയാണ് അപര്‍ണ സ്വന്തം വീട്ടിലേക്ക് പോയത്. തുടര്‍ന്ന് വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
എട്ടാംക്ലാസില്‍ പഠിക്കുന്ന മകനും നഴ്‌സറി വിദ്യാര്‍ഥിനിയായ മകളുമാണ് ദമ്പതിമാര്‍ക്കുള്ളത്. സംഭവസമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. അമ്മയും അച്ഛനും തമ്മില്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി എട്ടാംക്ലാസുകാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വ്യാഴാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായും മകന്‍ പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതി പരിമാള്‍ ബൈദ്യ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: man killed wife over conflict about instagram reels