വാഹനത്തില്‍ 30 ചാക്കുകളിലായി നിരോധിത പുകയില ഉത്പന്നങ്ങള്‍; പിടിയിലായത് 'മൊത്തവ്യാപാരി'

പിടിയിലായ മുഹമ്മദ് ഫൈജാസ്, പോലീസ് പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും
പിടിയിലായ മുഹമ്മദ് ഫൈജാസ്, പോലീസ് പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും

ചെര്‍പ്പുളശ്ശേരി(പാലക്കാട്):  മുപ്പതുചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. തൃക്കടീരി കാരാട്ടുകുര്‍ശ്ശി പുത്തുക്കുടി വീട്ടില്‍ മുഹമ്മദ് ഫൈജാസി(35)നെയാണ് പുകയില ഉത്പന്നങ്ങള്‍ വാഹനത്തില്‍ കടത്തുന്നതിനിടെ ചെര്‍പ്പുളശ്ശേരി പോലീസ് പിടികൂടിയത്. 30 ചാക്കുകളിലായി സൂക്ഷിച്ച 22800 പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇയാളുടെ വാഹനവും പോലീസ് പിടിച്ചെടുത്തു. 

ചെര്‍പ്പുളശ്ശേരി മേഖലയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തവില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്നും കഴിഞ്ഞ ഡിസംബറിലും സമാനകേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

ചെര്‍പ്പുളശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ശശികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എസ്.ഐ.മാരായ പ്രമോദ്, പ്രസാദ്, എ.എസ്.ഐ സുജയ,സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ബെന്നി ഫിലിപ്പ്,  ഹോം ഗാര്‍ഡ് രമേഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.  

Content Highlights: man arrested with banned tobacco products in cherpulassery