തിരുപ്പതിയിലെ ഇലക്ട്രിക് ബസ് മോഷ്ടിച്ച് കടത്തി, പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു; 20-കാരന്‍ അറസ്റ്റില്‍

Photo Courtesy: twitter.com/News18TamilNadu
Photo Courtesy: twitter.com/News18TamilNadu

ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ബസ് മോഷ്ടിച്ച് കടത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര നന്ദേത് സ്വദേശിയായ നിലാവര്‍ വിഷ്ണു (20)വിനെയാണ് തിരുമല പോലീസ് ചൊവ്വാഴ്ച പിടികൂടിയത്. സെപ്റ്റംബര്‍ 24-നാണ് ഇയാള്‍ തിരുമല ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ബസ് മോഷ്ടിച്ച് കടത്തിയത്. 

അടുത്തിടെ തിരുമലയില്‍ എത്തിയ പ്രതി ഏതാനും ദിവസങ്ങളായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഇലക്ട്രിക് ബസിലെ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 24-ന് ജീവനക്കാര്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ തന്ത്രപൂര്‍വം ബസ് സ്റ്റാര്‍ട്ട് ചെയ്ത് കടത്തിക്കൊണ്ടുപോകുകയായിരുന്നു. 

തിരുമലയില്‍നിന്ന് നായുഡുപേട്ട് വരെ ഇയാള്‍ ബസുമായി സഞ്ചരിച്ചു. തുടര്‍ന്ന് പോലീസ് പിടികൂടുമെന്ന് ഭയന്ന് നായുഡുപേട്ടില്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

മോഷണംപോയ ബസ് സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുപ്പതി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടിയത്.

Content Highlights: man arrested for stealing tirupati tirumala electric bus