സ്ത്രീകളുടെ ശൗചാലയദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി; നടത്തിപ്പുകാരനായ യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹി പിടിയിൽ

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

തെന്മല(കൊല്ലം):തെന്മല ഡാം ജങ്ഷനില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്കില്‍ സ്ത്രീകളുടെ ശൗചാലയദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ നടത്തിപ്പുകാരന്‍ പിടിയില്‍. ഉറുകുന്ന് സ്വദേശി ആഷിക്കാ(26)ണ് സംഭവവുമായി ബന്ധപ്പെട്ട് തെന്മല പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ആഷിക് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ്.

തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തിയതായാണ് പരാതി. ചിത്രം പകര്‍ത്തുന്നത് സ്ത്രീകളില്‍ ഒരാള്‍ കാണുകയും തൊട്ടടുത്തുള്ള തെന്മല പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ആഷിക്കിനെ കസ്റ്റഡിയിലെടുക്കുകയും മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തു. 

ഫോണില്‍ പരാതി നല്‍കിയവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും ഇതേ സമയത്തെടുത്ത മറ്റു സ്ത്രീകളുടെ ദൃശ്യങ്ങളുള്ളതായി പോലീസ് പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ സൈബര്‍ സംഘത്തിന് കൈമാറുമെന്നും പോലീസ് പറഞ്ഞു.

Content Highlights: man arrested for recording women toilet visuals in thenmala kollam