ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടു, 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക്‌മെയിൽ ചെയ്തു; അറസ്റ്റ്

റാന്നി: പതിമൂന്നുകാരിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ൽ ചെയ്ത കേസിലെ പ്രതിയെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്.
2025 സെപ്റ്റംബറിലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് ചാറ്റുചെയ്യുകയും പെൺകുട്ടിയുടെ അർധനഗ്നചിത്രം കൈക്കലാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണ് ചിത്രങ്ങൾ വാങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ പ്രതി പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. പത്തനംതിട്ട സൈബർസെൽ ആണ് പ്രതിയെ കണ്ടെത്തിയത്.
ഇടുക്കി ജില്ലയിൽ മെക്കാനിക് ആയി ജോലിചെയ്യുന്ന ഇയാൾ വീടുമായി വർഷങ്ങളായി അകന്ന് കഴിയുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈൽപിക്‌ചർ ആക്കിയും റീലുകൾ പോസ്റ്റുചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്.
ഇയാളുടെ ഫോണിൽ ധാരാളം പെൺകുട്ടികളുടെ ഫോട്ടോകളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ ബന്ധപ്പെട്ടിട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.
പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. എസ്. സിബി, പോലീസ് ഉദ്യോഗസ്ഥരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.
Content Highlights: 36-year-old suspect arrested for blackmailing a minor. Suspect used fake Instagram profiles to lure the victim. Pathanamthitta Cyber Cell assisted in the investigation. Multiple fake accounts and photos of other girls found on suspect's phone.