മലേഷ്യയിലും ‘22 ഫീമെയില്‍ കോട്ടയം’; കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, ബംഗ്ലാദേശി യുവതി അറസ്റ്റില്‍

ക്വലാലംപുര്‍: മലയാള സിനിമയായ ‘22 ഫീമെയില്‍ കോട്ടയ’ത്തിന്റെ കഥ മലേഷ്യയില്‍ യാഥാര്‍ത്ഥ്യമായി. രൂക്ഷമായ വഴക്കിനിടെ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ബംഗ്ലാദേശി യുവതി അറസ്റ്റില്‍. ഒക്ടോബര്‍ എട്ടിന് മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെന്‍ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം.
മലേഷ്യയില്‍ താനുമായി പ്രണയബന്ധം പുലര്‍ത്തിയിട്ടും ബംഗ്ലാദേശ് സ്വദേശിയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതാണ് ഈ ക്രൂരകൃത്യത്തിലേക്കു നയിച്ചത്. വാക്കുതര്‍ക്കമായി തുടങ്ങിയ സംഭവം മലേഷ്യയെ ഞെട്ടിച്ച കേസായി മാറിയത്.
രൂക്ഷമായ വാക്കുതര്‍ക്കത്തിനിടെ കത്തി ഉപയോഗിച്ച് 34 വയസുള്ള യുവതി മുപ്പത്തിമൂന്നുകാരനായ കാമുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ജനനേന്ദ്രിയം പൂര്‍ണ്ണമായും മുറിഞ്ഞുപോകുകയും ഇടതു കൈക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റയാള്‍ ജോഹോര്‍ ബഹ്‌റുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യം നടന്ന് രണ്ട് മണിക്കൂറിന് ശേഷം യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
പ്രതിക്ക് മുന്‍കാല ക്രിമിനല്‍ റെക്കോര്‍ഡുകളൊന്നുമില്ലെന്നും ലഹരിമരുന്ന് പരിശോധനാഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കൃത്യമായ ഇമിഗ്രേഷന്‍ രേഖകളില്ലാത്ത യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുന്നതിനുള്ള മലേഷ്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 326 പ്രകാരം പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിന് 20 വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.
1993-ല്‍ അമേരിക്കയില്‍, വര്‍ഷങ്ങളായുള്ള പീഡനത്തെ തുടര്‍ന്ന് ലോറേന ഗാലോ തന്റെ ഭര്‍ത്താവ് ജോണ്‍ ബോബിറ്റിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ കുപ്രസിദ്ധമായ ലോറേന ബോബിറ്റ് കേസുമായി മാധ്യമങ്ങള്‍ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. മലേഷ്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഞെട്ടലും അവിശ്വസനീയതയും രേഖപ്പെടുത്തി.
Content Highlights: A Bangladeshi woman has been arrested in Malaysia for allegedly severing her lover`s genitals during a dispute. The incident draws parallels to the infamous Lorena Bobbitt case.