ചിത്രപ്രിയയുടെ കൊലപാതകം: കൂട്ടുപ്രതികൾ ഉണ്ടോ എന്ന് അന്വേഷണം

ചിത്രപ്രിയ, അലൻ
ചിത്രപ്രിയ, അലൻ

മലയാറ്റൂർ: മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അറസ്റ്റിലായ അലനിൽ ഒതുക്കിനിർത്തില്ല. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറൽ എസ്‌പി എം. ഹേമലത വ്യക്തമാക്കി. നിലവിൽ അലൻ മാത്രമാണ് പ്രതി. കൂടുതൽ ചോദ്യംചെയ്യുന്നതിനായി അലനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തും.

ചിത്രപ്രിയയുടെയും അലന്റെയും മൊബൈൽ ഫോണുകൾ പരിശോധിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. രണ്ട്‌ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. അലന്റെ പൂർവകാല ജീവിത സാഹചര്യങ്ങളെക്കുറിച്ചും സൗഹൃദങ്ങളെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. മദ്യലഹരിയിലാണ് കൃത്യം നിർവഹിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. മദ്യം മാത്രമാണോ മറ്റ് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. കാണാതായ ശനിയാഴ്ച രാത്രി ചിത്രപ്രിയ അലനുമൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അത്തരത്തിൽ ലഭ്യമായ ഒരു ദൃശ്യത്തിൽ മറ്റൊരു ബൈക്കിൽ രണ്ടുപേർ കൂടി ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. മലയാറ്റൂർ പള്ളി പരിസരത്തുനിന്ന്‌ പോലീസ് ശേഖരിച്ച ഈ സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയയും അലനും തന്നെയാണോ എന്ന് വ്യക്തത വന്നിട്ടില്ല. അവർ തന്നെയാണ് ഈ ദൃശ്യത്തിൽ എന്ന് വ്യക്തമായാൽ മറ്റ് രണ്ടു പേരിലേക്കും അന്വേഷണം നീങ്ങും. ബെംഗളൂരുവിൽ പഠിക്കുന്ന ചിത്രപ്രിയയ്ക്ക് അവിടെ ഒരു ആൺസുഹൃത്തുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പറയുന്നത്. എന്നാൽ, ഇവർക്കിടയിൽ ശത്രുതയ്ക്കിടയാക്കിയ മറ്റെന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയുടെ ബെംഗളൂരുവിലുള്ള ആൺസുഹൃത്തിൽനിന്ന്‌ പോലീസ് വിവരം തേടും.

Content Highlights: Malayattoor murder investigation expands beyond accused Anil. Police suspect others involved in ChithraPriya`s death. Full details inside.