ദോഷം അകറ്റാന്‍ ഏലസ് തേടിയെത്തി; തമിഴ്‌നാട്ടില്‍ മലയാളിവനിതാജ്യോതിഷിയെ കെട്ടിയിട്ട് ആഭരണം കവര്‍ന്നു

പ്രതീകാത്മകചിത്രം| Photo: Mathrubhumi
പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുപ്പൂര്‍: മലയാളിയായ വനിതാ ജ്യോതിഷിയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നു. തിരുവനന്തപുരം സ്വദേശിനി വിമലാദേവിയെയാണ് (58) തിരുപ്പൂര്‍ പല്ലടത്തിനടുത്തുള്ള ഗണപതിപാളയത്തിലെ വീട്ടില്‍ കെട്ടിയിട്ടശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. 

ജ്യോതിഷവും മന്ത്രവാദവും ചെയ്യുന്ന ഇവരെ കാണാനായി 40 വയസ്സുള്ള യുവാവ് എത്തിയിരുന്നു. ദോഷം അകറ്റാനുള്ള ഏലസ്, കയര്‍ എന്നിവ അന്വേഷിച്ചായിരുന്നു രാജേഷ് എന്ന് പരിചയപ്പെടുത്തിയ യുവാവ് എത്തിയത്.

മണിക്കൂറുകള്‍ കഴിഞ്ഞും വിമലാദേവി പുറത്തേക്കുവരാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരി വന്ന് നോക്കിയപ്പോഴാണ് വീട്ടില്‍ കസേരയിലിരിത്തി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വായില്‍ തുണിതിരുകി ബന്ധിച്ചിരുന്നു. മണിക്കൂറുകളോളം ബന്ധനസ്ഥയായതിനാല്‍ അബോധാവസ്ഥയിലായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ സുഖംപ്രാപിച്ചുവരികയാണ്. കഴുത്തിലുണ്ടായിരുന്ന ഏഴുപവന്‍ സ്വര്‍ണാഭരണവും അലമാരയിലുണ്ടായിരുന്ന 7,000 രൂപയും കാണാതായെന്ന് ഇവര്‍ പല്ലടം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

Content Highlights: malayali woman astrologer robbed in tamilnadu