പത്തുകോടിയുടെ എംഡിഎംഎ പിടിച്ച സംഭവം: നാലുപേർകൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ 13 പേർ പിടിയിലായി

മലപ്പുറം: കോയമ്പത്തൂരിൽ പത്ത് കോടിയോളം രൂപ വിലവരുന്ന 13 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ മുഖ്യകണ്ണിയടക്കം നാലുപ്രതികളെ ബിഹാറിലെ ഭാഗൽപുർ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് മലപ്പുറം പോലീസ് പിടികൂടി.
മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയ് (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപുരിൽനിന്നും, തമിഴ്‌നാട് ഉദകമണ്ഡലം സ്വദേശി കാർത്തികിനെ (32) ചെന്നൈയിൽനിന്നുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
ഇതോടെ ഈ കേസിൽ 13 പേർ അറസ്റ്റിലായി. കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് സംസ്ഥാന പോലീസിന്റെ ഏറ്റവുംവലിയ മയക്കുമരുന്നവേട്ട ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്നത്. പ്രതികളിൽ ചിലർ മുൻപ് കൊലപാതകം, ലഹരിക്കടത്ത്, കവർച്ച കേസുകളിൽ ഉൾപ്പെട്ടവരാണ്.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതികൾക്കായി പത്ത് സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം പോലീസ് അന്വേഷണംനടത്തുകയായിരുന്നു. കണ്ണൂർ സിറ്റി ഡാൻസാഫ് നൽകിയ രഹസ്യവിവരങ്ങളും സഹായകമായി.
ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ എന്നിവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, മലയാളികളുൾപ്പെടെയുള്ള അന്തഃസംസ്ഥാനസംഘമാണ് കേരളത്തിലേക്ക് എംഡിഎഎ ഉൾപ്പെടെയുള്ളവയും കഞ്ചാവും കടത്തുന്നത്.
ഉത്തരേന്ത്യയിൽ വേരുകളുള്ള ഈ സംഘത്തെ പിടികൂടുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി.മാരായ സുഭാഷ് ബാബു, എൻ.ഒ. സിബി, സർക്കിൾ ഇൻസ്പെക്ടർമാരായ സി.കെ. നൗഷാദ്, സംഗീത് പുനത്തിൽ, സബ് ഇൻസ്പെക്ടർ നിജീഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളുംചേർന്ന മൂന്നു സംഘങ്ങൾ രൂപവത്കരിച്ചിരുന്നു.
പ്രതികൾ മലപ്പുറം ജില്ലയിലെത്തന്നെ കൊണ്ടോട്ടി, തേഞ്ഞിപ്പലം, കൊളത്തൂർ പോലീസ്‌സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത കേസുകളിലും, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലെ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Content Highlights: Malappuram police arrested four key suspects in a major drug bust involving 13 kg of MDMA worth around 10 crore rupees, with arrests made in Bihar and Chennai. The operation, part of a larger anti-drug initiative, led to the arrest of 13 individuals, some with prior criminal records, and involved extensive police investigations across ten states.