മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം; സംഭവം മുഖ്യമന്ത്രിയുടെ വസതിക്ക് നൂറ് മീറ്റര്‍ അകലെ

ഇംഫാൽ: മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ, അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ ഔദ്യോഗിക വസതിയിൽനിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് തീപ്പിടിത്തമുണ്ടായത്.
ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. തീപ്പിടിത്തതിന് കാരണമെന്താണെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ആരെങ്കിലും തീവെച്ചതാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ലെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. മെയ്ത്തി വിഭാഗത്തിൽപ്പെട്ടവർ ഭൂരിപക്ഷമുള്ള മണിപ്പുരിലെ ജിരിബാം ജില്ലയിൽ അസം അതിർത്തിയോട് ചേർന്ന് തീപ്പിടിത്തമുണ്ടായതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Content Highlights: Major Fire Near Manipur Secretariat Close To Chief Ministers Bungalow