യുവാവിനെ വാഹനമിടിച്ചു വീഴ്ത്തി, നടുറോഡിലിട്ട് തല്ലിക്കൊന്നു; കാറെടുത്ത് രക്ഷപ്പെട്ട പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പട്ടാപ്പകൽ യുവാവിനെ വാഹനമിടിച്ചുവീഴ്ത്തി നടുറോഡിലിട്ട് തല്ലി കൊലപ്പെടുത്തി. ബണ്ടി ദീക്ഷിത് എന്നറിയപ്പെടുന്ന ദേവേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ക്രൂരകൃത്യം ചെയ്ത പവൻ പരാശർ എന്നയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വ്യാഴാഴ്ച, സിഡ്കോയിലെ (CIDCO) N-7 മേഖലയിലുള്ള ബജ്രംഗ് ചൗക്കിന് സമീപമാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
ജിമ്മിൽ നിന്ന് സ്കൂട്ടിയിൽ മടങ്ങുകയായിരുന്ന ബണ്ടി ദീക്ഷിതിനെ തന്റെ കാറിൽ പിന്തുടർന്ന പരാശർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ദീക്ഷിതിനെ പരാശർ ഹോക്കി സ്റ്റിക്കും ഇരുമ്പുവടിയും കൊണ്ട് തലയ്ക്കും മുഖത്തും തുടർച്ചയായി അടിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിനിരയായ ദീക്ഷിത് സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പരാശർ അവിടെനിന്നും കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് സിഡ്കോ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. കൃത്യത്തിന് ഉപയോഗിച്ച കാറും ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുവടിയും പോലീസ് കസ്റ്റഡിയിലെടുത്തു. പരാശറിനെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും എന്നാണ് വിവരം.
കൊലപാതകത്തിന്റെ കാരണം, കേസിന്റെ മറ്റ് വശങ്ങൾ, തുടർന്നുള്ള നിയമനടപടികൾ എന്നിവയെക്കുറിച്ച് പ്രതികരിക്കാൻ പോലീസ് തയ്യാറായിട്ടില്ല. അതിനാൽ ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള പല വിവരങ്ങളും ഇപ്പോഴും വ്യക്തമല്ല. പഴയ ശത്രുതയും ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ദീക്ഷിത് ഒരു മെസ് നടത്തിവരികയായിരുന്നു. അതിനൊപ്പംതന്നെ റിയൽ എസ്റ്റേറ്റ്/ പ്ലോട്ടിങ് ബിസിനസിലും ഏർപെട്ടിരുന്നു. ഇയാളും പരാശറും തമ്മിൽ കുറച്ചുകാലമായി തർക്കം നിലനിന്നിരുന്നതായാണ് വിവരം. തർക്കത്തിന്റെ കൃത്യമായ സ്വഭാവവും അത് വ്യാഴാഴ്ചത്തെ ആക്രമണത്തിലേക്ക് നേരിട്ട് നയിച്ചതാണോ എന്നതും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: A young man named Devesh, also known as Bunty Dixit, was killed in Chhatrapati Sambhajinagar, Maharashtra, after being hit by a car and brutally beaten on the road by Pawan Parashar, who later surrendered to the police. The incident occurred near Bajrang Chowk in the CIDCO N-7 area, where Parashar followed Dixit from the gym, hit him with his car, and then attacked him with a hockey stick and iron rod, leading to Dixit's death at the scene.