ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത; കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ

#ന്യൂസ് ഡെസ്ക്

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും ചെയ്ത മംഗീബായ് തൻവാർ എന്ന യുവതിയാണ് രക്ഷപ്പെട്ട് കഴുത്തിൽ ചങ്ങലയുമായി ആറ് കിലോമീറ്റർ നടന്ന് പോലീസിനെ സമീപിച്ചത്.

ജൂൺ 10-ന് മദ്യപിച്ചെത്തിയ ഭർത്താവ് സർദാർ സിങ് തൻവാർ മംഗീബായിയെ അസഭ്യം പറയുകയും വടികൊണ്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ വഴിയിൽവെച്ച് പിടികൂടി തിരികെ വീട്ടിലെത്തിച്ചു. തുടർന്ന് ഇയാൾ മംഗീബായിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീടിനുള്ളിലെ തൂണിൽ പൂട്ടിയിട്ടു. 'ഇനി നീ എങ്ങനെ പോലീസിൽ പരാതിപ്പെടുമെന്ന് നോക്കട്ടെ' എന്ന് വെല്ലുവിളിച്ചുകൊണ്ട്, ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി പഴുപ്പിച്ച് യുവതിയുടെ അരക്കെട്ടിലും തുടയിലും പൊള്ളിച്ചതായും പരാതിയിൽ പറയുന്നു.

ഏതാണ്ട് 24 മണിക്കൂറോളം യുവതിയെ ചങ്ങലയ്ക്കിട്ട നിലയിൽ വീട്ടിൽ ബന്ദിയാക്കി. പഞ്ചായത്ത് വിളിച്ചുകൂട്ടി മംഗീബായിയെ ഭീഷണിപ്പെടുത്താനായി ഭർത്താവ് പുറത്തുപോയ സമയത്താണ് അവർ രക്ഷപ്പെടാൻ വഴി കണ്ടെത്തിയത്. അടുത്തുണ്ടായിരുന്ന ഒരു കല്ലെടുത്ത് തുടർച്ചയായി ഇടിച്ചാണ് ചങ്ങലയിലെ പൂട്ട് അവർ തകർത്തത്. പൂട്ട് തകർന്നെങ്കിലും കഴുത്തിൽ കുടുങ്ങിയ ചങ്ങലയും തൂങ്ങിക്കിടക്കുന്ന പൂട്ടും മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.

ഇരുട്ടിൽ പാടങ്ങളിലൂടെയും മുള്ളുകൾ നിറഞ്ഞ വഴികളിലൂടെയും ആറ് കിലോമീറ്റർ നടന്നാണ് മംഗീബായ് ഖിൽച്ചിപ്പൂർ പോലീസ് സ്റ്റേഷനിലെത്തിയത്. വഴിയിൽ കണ്ട പലരും കഴുത്തിലെ ചങ്ങല കണ്ട് അവർക്ക് മനോനില തെറ്റിയതാണെന്ന് കരുതി അവഗണിച്ചു. ഒരാൾ മാത്രം അവർക്ക് ഭക്ഷണം നൽകി സഹായിച്ചു. രാത്രി 10 മണിയോടെ സ്റ്റേഷനിലെത്തിയ യുവതിയുടെ അവസ്ഥ കണ്ട് പോലീസുകാർ പോലും ഞെട്ടിപ്പോയി.

പോലീസ് ഉടൻതന്നെ ചങ്ങല നീക്കംചെയ്യുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. ശരീരത്തിൽ മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ കേസെടുത്ത ഖിൽച്ചിപ്പൂർ പോലീസ്, പ്രതിയായ സർദാർ സിങ്ങിനെ ഉടൻതന്നെ അറസ്റ്റ് ചെയ്തു. മംഗീബായിയെ നിശബ്ദയാക്കാൻ ഭർത്താവ് ഉപയോഗിച്ച അതേ ചങ്ങലതന്നെ അയാൾക്കെതിരെയുള്ള ഏറ്റവും വലിയ തെളിവായി കോടതിയിൽ ഹാജരാക്കാനൊരുങ്ങുകയാണ് പോലീസ്.

Content Highlights: Victim Mangeebai Tanwar endured 24 hours of captivity chained to a pillar., The perpetrator used a heated iron rod to inflict burns on the victim., The victim managed to break the lock with a stone and walked 6km to the police station., Police arrested the husband, Sardar Singh Tanwar, immediately upon receiving the complaint.