എൽ.എസ്.ഡി. സ്റ്റാമ്പ് വെറും സ്റ്റാമ്പായി; 70 ദിവസത്തിനുശേഷം യുവാവിന് ജാമ്യം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വടകര: എൽ.എസ്.ഡി. സ്റ്റാമ്പ് കൈവശംവെച്ചെന്ന കേസിൽ രാസപരിശോധനാഫലം വന്നപ്പോൾ പിടിച്ചത് ലഹരിയില്ലാത്ത സാധാരണ സ്റ്റാമ്പെന്ന് റിപ്പോർട്ട്. ഇതോടെ കേസിൽ 70 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു യുവാവിനെ വടകര എൻ.ഡി.പി.എസ്. കോടതി സ്വന്തം ജാമ്യത്തിൽ വിട്ടു. കണ്ണൂർ പുതിയതെരു സ്വദേശി സി.കെ. ഹൗസിൽ ശുഐബിനാണ് (29) ജഡ്ജി വി.പി.എം. സുരേഷ്ബാബു ജാമ്യംനൽകിയത്.

ഒക്ടോബർ 28-ന് വൈകീട്ട് 6.32-ന് വളപട്ടണം പോലീസ് ശുഐബിനെ മുച്ചിലോട്ട് കാവിനുസമീപത്തുവെച്ച് 0.461 ഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പുമായി പിടികൂടി എന്നതായിരുന്നു കേസ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. എന്നാൽ, ഇത് കുട്ടികൾക്ക് കളിക്കാനുള്ള സ്റ്റാമ്പാണെന്നും ലഹരിയല്ലെന്നുമായിരുന്നു ശുഐബിന്റെ വാദം. തുടർന്ന് പി.പി. സുനിൽകുമാർ മുഖേന ശുഐബ് ജാമ്യഹർജി നൽകി. വെറുംസ്റ്റാമ്പാണ് പിടികൂടിയതെന്നും രാസപരിശോധനാഫലം ഉടൻ വരുത്തണമെന്നും അഭിഭാഷകൻ വാദിച്ചു.

കണ്ണൂർ ഗവ.ലാബിൽനിന്ന്‌ ഫലം വന്നതോടെയാണ് ശനിയാഴ്ച കോടതി ശുഐബിന് ജാമ്യം നൽകിയത്. അന്യായമായി ജയിലിലടച്ച വളപട്ടണം പോലീസ് സബ് ഇൻസ്പെക്ടർക്കെതിരേ നിയമനടപടിസ്വീകരിക്കുമെന്ന് ശുഐബിന്റെ അഭിഭാഷകൻ പി.പി. സുനിൽകുമാർ പറഞ്ഞു.

Content Highlights: lsd stamp case, youth detained 70 days, examine report, normal stamp