കേതന്റെ കൊലപാതകത്തിൽ വഴിത്തിരിവ്; പ്രതി ചേതന്റെ സഹപാഠി പോലീസ് കസ്റ്റഡിയിൽ

പുണെ: യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, കേസിലെ പ്രതി ചേതൻ ചൗധരിയുടെ സഹപാഠിയെ പുണെ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സഹപാഠിക്ക് പങ്കുണ്ടോയെന്നറിയാൻ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് സഹപാഠിക്ക് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
കൊലപാതക പദ്ധതിയെക്കുറിച്ച് സഹപാഠിക്ക് അറിവുണ്ടായിരുന്നുവെന്നും കൊലപാതകത്തിനുശേഷം ഈ വ്യക്തി ചേതൻ ചൗധരിയെയും കേസിലെ മറ്റൊരു പ്രതിയായ സിയ ഗോയലിനെയും കണ്ടിരുന്നുവെന്നുമാണ് സൂചന. പ്രതികളുമായുള്ള ഈ വ്യക്തിയുടെ ബന്ധത്തെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും കൊലപാതകത്തിനുശേഷം എന്തെങ്കിലും തെളിവുകൾ കൈമാറിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സിയയും കാമുകൻ ചേതനും ചേർന്ന് ജൂൺ 18-നാണ് 25-കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിലെ മലമുകളിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത്. ഈ വർഷം നവംബറിൽ വിവാഹം നടക്കാനിരിക്കെയാണ് കേതൻ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം അറസ്റ്റിലായ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.
ഇതിനിടെ കേസിൽ പ്രതി സിയ ഗോയൽ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം നൽകി. ലോണാവാല റൂറൽ പോലീസിനു മുന്നിൽ വ്യാഴാഴ്ചയാണ് 20-കാരിയായ സിയ സമ്മതം അറിയിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ വിപുൽ ദൂസിങ് വ്യക്തമാക്കി. കേസിൽ സിയയ്ക്കൊപ്പം പ്രതിയായ 22-കാരൻ ചേതൻ ചൗധരിയെയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.