മദ്യം ഷെയറിട്ടു വാങ്ങിയതിനെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്നു, പ്രതിക്ക് ജീവപര്യന്തം തടവ്, പിഴ

സനല്‍
സനല്‍

ആലപ്പുഴ: മദ്യം ഷെയറിട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷംരൂപ പിഴയും ശിക്ഷ. 

മണ്ണഞ്ചേരി പഞ്ചായത്ത് കുന്നേല്‍വെളിവീട്ടില്‍ സനലി (ഷാനി- 28)നെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റോയി വര്‍ഗീസ് ശിക്ഷിച്ചത്. കോട്ടയം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡ് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനിയന്‍ (36) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.

2016 ജൂലായ് 30-ന് വൈകീട്ട് 6.45 ഓടെ ദേശീയ പാതയ്ക്ക് കിഴക്കുവശം കലവൂര്‍ ബെവ്റജസ് ഷോപ്പിന് മുന്നിലാണ് സംഭവം. സനല്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അനിയന്റെ കഴുത്തിന്റെ വലതുഭാഗത്ത് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 

മണ്ണഞ്ചേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അംബികാ കൃഷ്ണനും അഡ്വ. അഖില ബി. കൃഷ്ണയും ഹാജരായി.

Content Highlights: life imprisonment and fine for murdering youth in alappuzha