ചൈനീസ് ഏജന്റുകൾക്ക് വിവരങ്ങൾ ചോർത്തി; സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | AI Generated Image | Courtesy: Google Gemini
പ്രതീകാത്മക ചിത്രം | AI Generated Image | Courtesy: Google Gemini

ശ്രീനഗർ: വിദേശ ചാരന്മാർക്ക് ഔദ്യോഗികവും തന്ത്രപ്രധാനവുമായ വിവരങ്ങൾ കൈമാറിയ സംഭവത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ ജമ്മു കശ്മീർ പോലീസ് കേസെടുത്തു. നിലവിൽ ജമ്മുവിലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിക്കുന്ന തെലങ്കാന സ്വദേശിയായ ഇവർ, ചൈന ഉൾപ്പെടെയുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

അക്കാദമിക് വിദഗ്ദ്ധരെന്ന വ്യാജേനയാണ് സംഘം സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ സമീപിച്ചത്. ഇവർ ചൈനീസ് ഏജന്റുമാരാണെന്ന് തിരിച്ചറിയാൻ സാധിക്കാതെയാണ് സൈനികന്റെ ഭാര്യ തന്ത്രപ്രധാന വിഷയങ്ങൾ പങ്കുവെച്ചതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന തന്ത്രപ്രധാനമായ രേഖകൾ, ചിത്രങ്ങൾ, ഇലക്ട്രോണിക് ഡാറ്റകൾ എന്നിവ രഹസ്യമായി ശേഖരിക്കുകയും കൈവശം വെക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. വിദേശ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ള വ്യക്തികൾക്ക് എൻക്രിപ്റ്റഡ് ആശയവിനിമയ ചാനലുകൾ വഴിയാണ് ഈ വിവരങ്ങൾ കൈമാറിയതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

സംഭവത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1923-ലെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് സെക്ഷൻ 3, 5 എന്നിവയ്‌ക്കൊപ്പം ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152, 61(2) എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. തുടക്കത്തിൽ പരിസ്ഥിതി, ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിച്ച ചൈനീസ് ഏജന്റുമാർ, പിന്നീട് തന്ത്രപ്രധാനമായ പ്രതിരോധ വിഷയങ്ങളിലേക്ക് ഇവരെ മാറ്റുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും കേസിന്റെ അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശേഖരിക്കപ്പെട്ട രേഖകളുടെ സ്വഭാവം, വിദേശ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. കൂടാതെ ഇവരിൽ നിന്ന് എന്തെങ്കിലും വസ്തുക്കൾ വീണ്ടെടുത്തിട്ടുണ്ടോയെന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.