ഒരുകോടിയുടെ ഭൂമി തട്ടിയെടുക്കാൻ വ്യാജ ആധാരം; കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ റിമാൻഡിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തൊടുപുഴ: കാൽനൂറ്റാണ്ടായി ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിച്ചകേസിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാക്കളടക്കം മൂന്നുപേർ റിമാൻഡിൽ. കാഞ്ചിയാർ സ്വദേശികളായ ഡൊമിനിക് സാവിയോ(54), ജോസഫ് തോമസ് മറ്റപ്പള്ളിൽ(71), ജിജി ജോസഫ്(45) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റുചെയ്‍തത്.

ഡൊമിനിക് സാവിയോ കേരള കോൺഗ്രസ് (ജെ) കാഞ്ചിയാർ മണ്ഡലം പ്രസിഡന്റും യു.ഡി.എഫ്. മണ്ഡലം ചെയർമാനും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. ജോസഫ് തോമസ് കേരള കോൺഗ്രസ് (ജെ) ജില്ലാ കമ്മിറ്റിയംഗവും. തമിഴ്‌നാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

കട്ടപ്പന പേഴുംകവലയിൽ ഒരുകോടിയോളം രൂപ വിലമതിക്കുന്ന 37 സെന്റ് ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭൂമിക്ക് വ്യാജ ആധാരം, സെയിൽ ലെറ്റർ എന്നിവ നിർമിച്ച് പോക്കുവരവ് നടത്തി. ശേഷം പരാതിക്കാരിയുടെ പേരിൽ മറ്റൊരു സ്‍ത്രീയെക്കൊണ്ട് തൊടുപുഴ കാരിക്കോട് സബ് രജിസ്‍ട്രാർ ഓഫീസിൽെവച്ച് ജൂലായ് ആറിന് ജോസഫ് തോമസിന്റെ പേരിലേക്കും പിന്നീട് 17-ന് ജിജി ജോസഫിന്റെ പേരിലേക്കും ആധാരമെഴുതി നൽകുകയായിരുന്നു.

ഈ സ്‍ത്രീയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൂവർക്കുമെതിരേ വഞ്ചന, വ്യാജരേഖ ചമയ്‍ക്കൽ, സർക്കാർ രേഖ വ്യാജമായി നിർമിക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾപ്രകാരം കേസെടുത്തു. ഭൂമി തങ്ങളുടെ പേരിലാക്കിയശേഷം പണയപ്പെടുത്തിയോ വിൽപന നടത്തിയോ പണം പങ്കിടാനായിരുന്നു പദ്ധതി. ഭൂമി വിൽക്കുന്നതിന്റെ ഭാഗമായി ബാധ്യതാ സർട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് യഥാർഥ ഉടമയ്‍ക്ക് തട്ടിപ്പ് മനസ്സിലാകുന്നത്.

ഇതോടെ ആദ്യ രജിസ്ട്രേഷൻ നടത്തിയ കാരിക്കോട് ഉൾപ്പെടുന്ന തൊടുപുഴ പോലീസിൽ ഓഗസ്റ്റ് 18-ന് പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസ് പറഞ്ഞു.