മനോരോഗത്തിന്റെ പേരിൽ വിചാരണ നീണ്ടത് 39 വർഷം; തടവറയിൽ കുങ്കൻ കഴിഞ്ഞത് 4 പതിറ്റാണ്ട്; നീതി ഇനിയുമകലെ

#കെ. രാജേഷ് കുമാർ

കണ്ണൂർ: റിമാൻഡ് തടവുകാരനായി 39 വർഷം. ഇരിട്ടി ആറളം വിയറ്റ്‌നാം കോളനിയിലെ കുങ്കൻ (കൃഷ്ണൻ-61) ആണ് കണ്ണൂർ സെൻട്രൽ ജയിലിൽ അത്യപൂർവവും ഞെട്ടലുണ്ടാക്കുന്നതുമായ ’ശിക്ഷ’യിലൂടെ കടന്നുപോകുന്നത്. നീതി വൈകുന്നത് നീതി നിഷേധിക്കലാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടം നാട്ടിലെങ്ങും മുഴങ്ങുമ്പോഴും കുങ്കൻ ഇരുട്ടിൽനിന്ന് ഇരുട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

1987-ൽ അച്ഛൻ ചന്തുവിനെ കൊന്ന കേസിലാണ് കുങ്കൻ അറസ്റ്റിലായത്. ആറളം പോലീസ് സ്റ്റേഷനിൽ 54-ാം നമ്പർ എഫ്.ഐ.ആർ. കുറിക്കുമ്പോൾ 22 വയസ്സായിരുന്നു കുങ്കന്. റിമാൻഡ് പ്രിസണർ (ആർ.പി.): 9530 എന്ന നമ്പറിൽ ജയിലിലെത്തിയ കുങ്കന്റെ കേസിൽ പിന്നീടൊരിക്കലും വിചാരണ നടന്നില്ല. പ്രതി ചിത്തഭ്രമം കാണിക്കുന്നുവെന്ന കാരണത്താലാണത്. 1995 ഏപ്രിൽ 17 മുതൽ 2025 ഡിസംബർ 18 വരെ കുങ്കൻ കോഴിക്കോട് പുതിയറ കുതിരവട്ടം സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു. അവിടെയും റിമാൻഡ് പ്രതിയായിരുന്നു കുങ്കൻ. മൂന്നുപതിറ്റാണ്ടത്തെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും നാടും ജയിലും ജയിലധികൃതരും ഏറെ മാറിയിരുന്നു. തലശ്ശേരി സെഷൻസ് കോടതി മുൻപാകെയാണ് ഇപ്പോൾ കുങ്കന്റെ കേസുള്ളത്. ഇപ്പോഴും കുങ്കൻ വിചരണയ്ക്ക് ’ഫിറ്റല്ല’. കൊലപാതകക്കേസിൽ പരമാവധി ലഭിക്കുമായിരുന്ന ശിക്ഷയുടെ ഇരട്ടി അനുഭവിച്ച കുങ്കന്റെ മുന്നിലുള്ളത് ഇരുട്ടുമാത്രമാണ്.

കേസിൽ സാക്ഷിയായിരുന്ന ജ്യേഷ്ഠസഹോദരൻ പിന്നീടൊരിക്കലും കുങ്കനെ തിരിഞ്ഞുനോക്കിയില്ല. സഹോദരിമാർക്ക് ഏറ്റെടുക്കാൻ താത്പര്യമുണ്ടെങ്കിലും സാഹചര്യങ്ങൾ അനുവദിക്കുന്നുമില്ല. വിചാരണ നടത്തി ശിക്ഷ വിധിക്കാതിരുന്നതിനാൽ ശിക്ഷായിളവുകളുടെ ഫയലുകളിലും കുങ്കൻ ഇടംപിടിച്ചില്ല. ആയുസ്സിന്റെ പകുതിയോളം റിമാൻഡ് തടവുകാരനായി കഴിയേണ്ടിവന്ന കുങ്കന്റെ വേദന വിചാരണത്തടവുകാരുടെ കേസുകൾ പരിഗണിക്കുന്ന ജില്ലാതല കമ്മിറ്റിക്ക് മുന്നിൽ ഇപ്പോൾ എത്തിയെന്നത് മാത്രമാണ് പ്രതീക്ഷയായുള്ളത്.

എന്താണ് റിമാൻഡ്

സാധാരണമായി 90 ദിവസംവരെയാണ് റിമാൻഡ് കാലാവധി. എന്നാൽ മാനസികരോഗത്തിന്റെ പേരിൽ വിചാരണ നടക്കാതായപ്പോൾ റിമാൻഡ് നീണ്ടുനീണ്ടുപോയി. വിചാരണ പൂർത്തിയാകാതെ ഇത്രയും ദീർഘകാലം ഒരാളെ ജയിലിലിടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വേഗത്തിലുള്ള വിചാരണയുടെയും ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Content Highlights: Kungan has been a remand prisoner since 1987 without a formal trial., The case highlights severe systemic failure in the Indian judicial process., Spent over three decades at Kuthiravattam Mental Health Centre as a remand prisoner., The case is currently under review by the district-level committee for remand prisoners., The duration of remand far exceeds the maximum possible sentence for the alleged crime.