മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം; പ്രതി അറസ്റ്റിൽ, പിടിയിലായത് പുണെയിൽനിന്ന്

കൈതാരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുത തടസ്സമുണ്ടാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈതാരം സ്വദേശിയായ കളത്തിപ്പറമ്പിൽ വിഷ്ണുവിനെയാണ് പുണെയിൽനിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വൈദ്യുതി പ്രതിസന്ധിയുടെ കാലത്താണ് പറവൂരിൽ വ്യാപകമായി ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരി മാറ്റുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് കെഎസ്ഇബി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്താത്ത സമയങ്ങളിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് മുൻപ് മുഖ്യമന്ത്രി അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങൾക്ക് മനഃപൂർവം ബുദ്ധിമുട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഫ്യൂസ് ഊരി എറിഞ്ഞതെന്നാണ് പോലീസിൻ്റെ നിഗമനം. ഇയാളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
Content Highlights: Accused Vishnu arrested from Pune for removing KSEB transformer fuses in Kaitharam., Deliberate power disruption caused widespread issues during the power crisis., Police acted on an official complaint filed by KSEB using CCTV footage., Motive aimed at intentionally troubling the public under investigation.