168 ഗ്രാം MDMA പിടിച്ച കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ; പിടികൂടിയത് ബെംഗളൂരുവിൽനിന്ന്, വിൽപനയിൽനിന്നുള്ള പണം ആർഭാടജീവിതത്തിന്

കോഴിക്കോട്: പന്നിയങ്കരയിൽ വിൽപനയ്ക്കായി കൊണ്ടുവന്ന 168 ഗ്രാം എം.ഡി.എം.എ. പിടിച്ച കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. തൃശ്ശൂർ ആട്ടൂർ പാറപ്പുറം സ്വദേശി പനലാപിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (35), കൊല്ലം കോട്ടുക്കൽ മഞ്ഞപ്പാറ സ്വദേശി സാഹില മഹസിൽ വീട്ടിൽ സാഹില(29) എന്നിവരെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എം. പ്രേംജിത്തിന്റെ ക്രൈം സ്ക്വാഡും നർക്കോട്ടിക് സെല്ലും പന്നിയങ്കര പോലീസും ചേർന്ന് പിടികൂടി. ബെംഗളൂരുവിൽനിന്നാണ് പ്രതികളെ പിടിച്ചത്.
പന്നിയങ്കര, ബേപ്പൂർ, ഫറോക്ക് ഭാഗത്തേക്ക് വിൽപനക്കായി കാറിൽ കടത്തിക്കൊണ്ടുവരവേ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി ഒളവണ്ണ സ്വദേശി കെ.സി. നവാസിനെ പോലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ. നവാസിനെ ചോദ്യംചെയ്തതിൽനിന്നും മുഹമ്മദ് ഫാസിലും സാഹിലയുമാണ് ഇവർക്ക് ലഹരി എത്തിച്ച് നൽകുന്നതെന്ന് മനസ്സിലായി.
തുടർന്ന് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ ബെംഗളൂരുവിലാണുള്ളതെന്ന് മനസ്സിലായി. തുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
എംഡിഎംഎ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പ്രതികൾ മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടജീവിതത്തിനുമായാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്നും പ്രതികൾ ആരിൽനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
മാറാട് സർക്കിൾ ഇൻസ്പെക്ടർ സജു എബ്രഹാം. നാർകോട്ടിക് സെൽ സിഐ നിതിൻ എ, പന്നിയങ്കര എസ്എച്ച്ഒ ബവിത എം.കെ,
എസ്ഐ കൃഷ്ണൻ എ.പി., എഎസ്ഐ സുനിത ജെ.എസ്, എസ്സിപിഒ ജിഷ്ണു, ഡബ്ല്യുസിപിഒ അജിഷ്മ, സൈബർ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഭാഗ്യ ദാസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനീഷ്, അഖിൽബാബു കെ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Content Highlights: Main accused arrested from Bengaluru in 168g MDMA seizure case., Drugs were smuggled for sale in Panniyankara, Beypore, and Feroke regions., Proceeds from drug sales were used for luxurious lifestyles and substance abuse., Police investigating wider supply networks linking Delhi and Goa.