ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ്, പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം; ഒടുവിൽ ട്വിസ്റ്റ്

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ പ്രതിയുടെ വീട്ടിലേക്ക്. അകത്തുകയറി 'കൊല്ലപ്പെട്ട' സ്ത്രീയെ പരിശോധിച്ചപ്പോൾ പോലീസുകാർ ഞെട്ടി. ജീവനുണ്ട്. ഉടൻ അവരേയുമെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് പോലീസ് പാഞ്ഞു. ആ ജീവൻ രക്ഷപ്പെട്ടെങ്കിലും ഭർത്താവ് അപ്പോഴും പോലീസ് സ്റ്റേഷനിൽ ഭാര്യയുടെ കൊലയാളിയായി ഇരിക്കുന്നുണ്ടായിരുന്നു.
വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. പുതിയങ്ങാടി കോയ റോഡ് ബീച്ച് സ്വദേശി സക്കീർ (49) ആണ് ഭാര്യ നാസില(48)യെ കൊലപ്പെടുത്തിയതായി പോലീസുകാരോട് കുറ്റസമ്മതം നടത്തിയത്. ഇയാളെ സ്റ്റേഷനിൽ ഇരുത്തിയ ശേഷം, ബന്ധുക്കളെ വിവരം അറിയിച്ച് പോലീസ് സക്കീറിന്റെ വീട്ടിലേക്കെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് നാസിലയ്ക്ക് ജീവനുണ്ടെന്ന് മനസ്സിലായത്.
ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴുത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും രക്തസമ്മർദ്ദം കൂടുതലാണെന്നും പരിശോധനയിൽ കണ്ടെത്തി. പെട്ടെന്നുണ്ടായ മാനസിക ആഘാതം കാരണമാകാം ബോധം പോയതെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. ബുധനാഴ്ചയോടെ ഇവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് വെള്ളയിൽ ഇൻസ്പെക്ടർ എസ്.സുജിത്ത് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. സക്കീറിന്റെയും നാസിലയുടെയും മകൾ മൂന്നുവർഷം മുൻപ് സ്നേഹിച്ച യുവാവിനൊപ്പം വീടുവിട്ട് പോയിരുന്നു. ഇതോടെ മകളുമായി ഇനി യാതൊരു ബന്ധവും പാടില്ലെന്ന് സക്കീർ ഭാര്യയെ താക്കീത് ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മകളുമായി നാസില ഫോണിൽ സംസാരിച്ചിരുന്നു.
ഇതറിഞ്ഞതോടെ സക്കീർ ഭാര്യയുമായി വഴക്കിട്ടു. തുടർന്നാണ് നാസിലയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബോധരഹിതയായപ്പോൾ നാസില മരിച്ചെന്നു കരുതിയാണ് സക്കീർ പോലീസിൽ കീഴടങ്ങിയത്. സക്കീറിനെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
Content Highlights: Husband surrendered to Vellayil police claiming he murdered his wife., Police discovered the victim alive at the scene and rushed her to the hospital., The motive was identified as a domestic dispute regarding their daughter., The accused has been remanded under attempted murder charges.