ഹണിട്രാപ്പിൽ കുടുക്കി, ഒന്നരലക്ഷവും കാറും തട്ടിയെടുത്തു; സിദ്ദിഖ് വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം

കോഴിക്കോട്: ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിൽ ആണ് മൂവായിരം പേജുള്ള
കുറ്റപത്രം സമർപ്പിച്ചത്. സിദ്ദിഖിനെ കൊന്നത് ഹണി ട്രാപ്പിൽപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു എന്നും കുറ്റപത്രത്തിലുണ്ട്. മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
മെയ് 18 നാണ് കോഴിക്കോട് മാങ്കാവിലെ ഹോട്ടലുടമയായ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖി(58)നെ കൊലപ്പെടുത്തിയത്. എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് പ്രതികള്‍ കൊലനടത്തിയത്. ഇതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍നിന്ന് കൊക്കയില്‍ ഉപേക്ഷിച്ചു.
സിദ്ദിഖിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ തിരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്. മേയ് 18-ാം തീയതി മുതല്‍ കാണാതായ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അന്നേദിവസവും തൊട്ടടുത്തദിവസങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു. ഇതുസംബന്ധിച്ച് മകന് സന്ദേശം ലഭിച്ചതോടെയാണ് സംശയമുണ്ടായത്. മാത്രമല്ല, സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നതും സംശയത്തിനിടയാക്കി. ഇതോടെ സിദ്ദിഖിനെ കാണാനില്ലെന്ന് സ്ഥിരീകരിക്കുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിന്റെ തിരോധാനത്തില്‍ ഇദ്ദേഹത്തിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിനും സുഹൃത്തായ ഫര്‍ഹാനയ്ക്കും പങ്കുള്ളതായി കണ്ടെത്തിയത്. ഹോട്ടല്‍മുറിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ചെന്നൈയിലേക്ക് കടന്നതായി മനസിലായതോടെ വിവരം ചെന്നൈ പോലീസിനെയും ആര്‍.പി.എഫിനെയും അറിയിച്ചു. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍.പി.എഫ്. നടത്തിയ പരിശോധനയിലാണ് ഷിബിലും ഫര്‍ഹാനയും പിടിയിലായത്.
ലോഡ്ജ്മുറിയില്‍വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ ഉപേക്ഷിച്ചത്. മേയ് 18-നും 19-നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. മേയ് 19-ന് സിദ്ദിഖിന്റെ കാറില്‍ ട്രോളി ബാഗുകളുമായി പ്രതികള്‍ ലോഡ്ജില്‍നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് അട്ടപ്പാടിയിലെത്തി ട്രോളി ബാഗുകള്‍ കൊക്കയിലിട്ടശേഷം ഷൊര്‍ണ്ണൂരില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കടന്നതായാണ് നിഗമനം. സിദ്ദിഖിന്റെ കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഫര്‍ഹാനയുടെ സുഹൃത്തായ ചിക്കു എന്ന ആഷിഖാണ് മൂന്നാം പ്രതി.
Content Highlights: kozhikode hotel owner mechery siddique murder case charge sheet submitted