കോഴിക്കോടിന്റെ കണ്മുന്നിൽ ഒരു 'ലഹരി കാട്'; കണ്ടൽക്കാട് ബീച്ചിൽ നടക്കുന്നത് നടുക്കുന്ന കാര്യങ്ങൾ

#സായൂജ് സഞ്ജീവൻ
സമൂഹവിരുദ്ധരുടെ താവളമായ വെള്ളയിൽ ഹാർബറിനോടുചേർന്ന് ബീച്ചിൽ കാടുമൂടിയ പ്രദേശം | ഫോട്ടോ - പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
സമൂഹവിരുദ്ധരുടെ താവളമായ വെള്ളയിൽ ഹാർബറിനോടുചേർന്ന് ബീച്ചിൽ കാടുമൂടിയ പ്രദേശം | ഫോട്ടോ - പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

കോഴിക്കോട്: ചൊവ്വാഴ്ച സ്ഥിരംപരിശോധനയ്ക്കായാണ് വെള്ളയിൽ പോലീസ് ഹാർബറിനോടുചേർന്നുള്ള കണ്ടൽക്കാട് എന്നുവിളിക്കുന്ന പ്രദേശത്തേക്കെത്തിയത്. പോലീസിനെ കണ്ടതും കുറ്റിക്കാടിനിടയിൽനിന്ന് ചിലർ ഓടിമറഞ്ഞു. സ്ഥിരംകുറ്റവാളിയായ ഒരാളെ അവിടെനിന്ന് പോലീസ് കൈയോടെ പൊക്കി.

ബീച്ചിൽനിന്ന് നോക്കിയാലോ റോഡിൽനിന്ന് നോക്കിയാലോ കുറ്റിക്കാടും മരങ്ങളുംമാത്രം കാണാൻകഴിയുന്ന ഇടം. അതിനിടയിലൂടെ രൂപപ്പെട്ട നടപ്പാതകൾ ചെന്നെത്തുന്നത് കുറ്റിക്കാടിന്റെയും മരങ്ങളുടെയു തണലുള്ള ലഹരികേന്ദ്രങ്ങളിലേക്ക്. ആരാണ് അവിടെയുള്ളതെന്നോ, എന്താണ് അവർ ചെയ്യുന്നതെന്നോ, പുറംലോകത്തിന് അറിയാൻസാധിക്കില്ല. നിലത്തെ മാലിന്യത്തിൽ മിക്കതും മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും ഒപ്പം സിറിഞ്ച് കവറുകളും കഞ്ചാവ് വലിച്ചതിന്റെ അവശിഷ്ടങ്ങളും.

ആയിരക്കണക്കിനുപേർ വന്നെത്തുന്ന ബീച്ച് പരിസരത്താണ് ഈ അവസ്ഥ. അതിലൂടെ നടന്നുപോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എന്തുസുരക്ഷയാണ് ഭരണകൂടം നൽകുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.

കുറ്റിക്കാടുകൾ നീക്കണം

തുറമുഖവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നട്ടുപിടിപ്പിച്ച മരങ്ങൾക്കിടയിലൂടെ കാടുവളർന്നാണ് ഇവിടെയിപ്പോൾ ലഹരികേന്ദ്രമായി മാറിയിട്ടുള്ളത്. ആധുനിക പാർക്കിങ് സംവിധാനം ഉൾപ്പെടെയുള്ള പദ്ധതികൾ ഇവിടെ ആരംഭിക്കാൻ ആലോചനയുണ്ടെങ്കിലും നടപ്പായിട്ടില്ല.

തുറമുഖ വകുപ്പിന് മാത്രമല്ല, മാലിന്യസംസ്കരണ നടപടികൾ സ്വീകരിക്കേണ്ട കോർപ്പറേഷനും ഇതിൽ ഉത്തരവാദിത്വമുണ്ട്. കളക്ടർ, കോർപ്പറേഷൻ, തുറമുഖവകുപ്പ്, ജനപ്രതിനിധികൾ എന്നിവർ പ്രദേശത്ത് അടിയന്തര ഇടപെടലുകൾ നടത്തണം. കാട് വെട്ടിത്തെളിച്ച് ഒളിസങ്കേതങ്ങൾ ഇല്ലാതാക്കണം.

Content Highlights: Kozhikode Beach Mangroves: Hidden Drug Hubs and Calls for Urgent Action