കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണവുമായി വന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസിനുനേരെ കാറിടിച്ചുകയറ്റി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഒരുകോടിയുടെ കടത്തുസ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തടയാൻശ്രമിച്ച പോലീസിനുനേരേ ആക്രമണം. നേരേ കുതിച്ചുവന്ന അക്രമിസംഘത്തിന്റെ കാറിനുമുൻപിൽനിന്ന് റോഡരികിലേക്ക് ചാടിമാറി പോലീസുകാരൻ രക്ഷപ്പെട്ടു.
കരിപ്പൂരിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. നാലുപേരെ കേസിൽ പിടികൂടി. ബാക്കിയുള്ളവർ കടന്നുകളഞ്ഞു.
സ്വർണവുമായി എത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി (27), സ്വീകരിക്കാൻ എത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), സ്വർണം പൊട്ടിക്കലിനെത്തിയ സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് പിടിയിലായത്.
വിമാനത്താവള ആഗമനമേഖലയിൽ സംശയാസ്പദമായ രീതിയിൽ ഒരുസംഘത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഗേറ്റിനു പുറത്തേക്കുവന്ന യാത്രക്കാരിയെ സംഘം പിന്തുടരുന്നതുകണ്ട പോലീസ് പിന്നാലെക്കൂടി. സ്വീകരിക്കാനെത്തിയ ആളുടെകൂടെ പാർക്കിങ് ഏരിയയിലേക്കുപോയ യുവതിയെ ഈ സംഘം തടയുകയും അവരുടെ ട്രോളിബാഗിൽ പിടിമുറുക്കുകയുംചെയ്തു. യുവതിയുടെ കൂടെയുള്ള യുവാവുമായി ബലപ്രയോഗത്തിലെത്തിയപ്പോൾ പോലീസ് അതിവേഗം ഇടപെട്ട് ഇവരെ കീഴ്പ്പെടുത്തി.
ഇതോടെ സംഘം പോലീസിനുനേരേ തിരിഞ്ഞു. ഹോം ഗാർഡ് മുരളീകൃഷ്ണയുടെ ശരീരം കടിച്ചുമുറിച്ചു. അക്രമിസംഘത്തിലെ കുറച്ചുപേർ അതിനിടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സ്പെഷ്യൽ സ്ക്വാഡിലെ പോലീസുകാരനെ കാറിടിപ്പിക്കാനായി പിന്നെ പ്രതികളുടെ ശ്രമം. റോഡരികിലേക്കു ചാടിമാറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.
പിടിയിലായവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് സ്വർണക്കടത്തും പൊട്ടിക്കൽശ്രമവും പുറത്തായത്. അഭിരാമിയുടെ ബാഗേജിൽ താമരശ്ശേരി സ്വദേശി സ്വാലിഹ് കൊടുത്തുവിട്ട സ്വർണമായിരുന്നൂവെന്ന് പോലീസിനു വിവരംകിട്ടി. അത് തട്ടിയെടുക്കാൻ രണ്ടു കാറുകളിലായി പത്തുപേരാണ് എത്തിയതെന്നും വ്യക്തമായി.
അഭിരാമിയുടെ ബാഗേജിലെ എമർജൻസി ലാമ്പിൽ ഒളിപ്പിച്ചനിലയിൽ 817 ഗ്രാം വരുന്ന 14 ഗോൾഡ് പ്ലേറ്റുകൾ കണ്ടെടുത്തു. സ്വർണത്തിന് ഒരുകോടി പത്തുലക്ഷം രൂപ വിലവരും. അഭിരാമിക്ക് പ്രതിഫലമായി നൽകാൻ സൂക്ഷിച്ച 67,000 രൂപയും ഹർഷൽ സഞ്ചരിച്ച കാറും തുടർനടപടിക്കായി കസ്റ്റംസിനു കൈമാറും.